Asianet News MalayalamAsianet News Malayalam

ബാര്‍ക്കോഴക്കേസിന് പിന്നിലാര്? പാലാ സീറ്റ് മുതൽ എകെജി സെന്‍ററിലെ കാര്‍ യാത്രവരെ വിശദീകരിച്ച് ജോസ് കെ മാണി

കോൺഗ്രസിലെ ചിലര്‍ കേരളാ കോൺഗ്രസിനെ ശത്രുവായി കാണുന്നു. പിന്നിൽ നിന്ന് കുത്താൻ ശ്രമിച്ചവരിൽ കോൺഗ്രസ് നേതാക്കളുമുണ്ട്. ബാര്‍ കോഴക്കേസ് ഉണ്ടാക്കിയത് കോൺഗ്രസിന്‍റെ ഉന്നത നേതാക്കളാണ് 

jose k mani exclusive interview asianetnews
Author
Trivandrum, First Published Oct 16, 2020, 4:18 PM IST

തിരുവനന്തപുരം: മുന്നണി മാറ്റത്തിൽ നിലപാട് വ്യക്തമാക്കി കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി. കോൺഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ജോസ് കെ മാണിയുടെ പ്രതികരണം. കോൺഗ്രസിലെ ചിലര്‍ കേരളാ കോൺഗ്രസിനെ ശത്രുവായി കാണുന്നു . കേരളാ കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു. പിന്നിൽ നിന്ന് കുത്തി. ഇതാരാണെന്ന് ജനങ്ങൾക്ക് അറിയാം. ഉമ്മൻചാണ്ടിയാണോ രമേശ് ചെന്നിത്തലയാണോ എന്നൊന്നും ഇപ്പോൾ പറയുന്നില്ല, ആരേയും ഉന്നമിട്ടല്ല തന്‍റെ രാഷ്ട്രീയമെന്നും ജോസ് കെ മാണി പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പിൽ ചതിയുണ്ടായി.   ചിഹ്നം നഷ്ടപ്പെട്ടപ്പോൾ പോലും ഇടപെടാൻ യുഡിഎഫ് നേതൃത്വം തയ്യാറായിരുന്നില്ലെന്നും ജോസ് കെ മാണി തുറന്നടിച്ചു . 

കാനവുമായുള്ള കൂടിക്കാഴ്ച: 

ഇടത് മുന്നണി പ്രവേശനം വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസ് കെ മാണി പ്രത്യാശ പ്രകടിപ്പിച്ചു. ഏകെജി സെന്‍ററിൽ എത്തിയപ്പോൾ കിട്ടിയ സ്വീകരണം കെഎം മാണിക്ക് കിട്ടിയ സ്വീകരണമായാണ് കാണുന്നതെന്നും ജോസ് കെ മാണി പറഞ്ഞു. കാനം രാജേന്ദ്രനെ കാണാൻ എകെജി സെന്‍ററിലെ കാറെടുത്ത് പോയത് യാദൃശ്ചികമാണ്. തന്‍റെ കാര്‍ ആ സമയം ഉണ്ടായിരുന്നില്ല, കാനം നേരത്തെ തന്നെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. 

ബാര്‍ കോഴക്കേസ് : 

കെഎം മാണി അങ്ങേ അറ്റം വിഷമിച്ച ആരോപണമായിരുന്നു ബാര്‍ക്കോഴ കേസ്. ഒരു മകനെന്ന നിലയിൽ ദുഖം അടുത്ത് നിന്ന് കണ്ടിട്ടുണ്ട്. പലവട്ടം അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കെഎം മാണി മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹനാണെന്ന അഭിപ്രായം ഉയര്‍ന്നു. നിയമസഭാ അംഗത്വത്തിന്‍റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ആരോപണമുണ്ടായത്. ബാര്‍ കോഴക്കേസ് അടഞ്ഞ അധ്യായമാണ്. ഇടത് മുന്നണി കൺവീനറുടെ വിശദീകരണം ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. കോൺഗ്രസിന് നേതൃത്വം നൽകുന്ന പ്രധാന നേതാക്കൾ ആണ് കോഴക്കേസ് ഉണ്ടാക്കിയതിന് പിന്നിലെന്നും ജോസ് കെ മാണി പറഞ്ഞു, പേര് പറയില്ല. കെഎം മാണിയം ആ പേര് പറയാൻ തയ്യാറായിരുന്നില്ല 

പാലായിൽ തോൽപ്പിക്കുമോ? പിജെ ജോസഫിന് മറുപടി : 

സീറ്റ് മാത്രമല്ല മുന്നണി മാറ്റത്തിന്‍റെ അജണ്ട. പാര്‍ട്ടിയെന്ന നിലയിൽ പരിഗണനയും ബഹുമാനവും ആണ് കിട്ടേണ്ടത്. കെഎം മാണിയുടെ വിയോഗ ശേഷം കേരളാ കോൺഗ്രസ് മുന്നോട്ട് പോകരുതെന്ന് ആഗ്രഹിച്ച ചിലരാണ് തനിക്കെതിരെ വ്യക്തിപരമായ പ്രചാരണങ്ങൾക്ക് പിന്നിലെന്നും ജോസ് കെ മാണി ആരോപിച്ചു. പാലായിൽ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയായി പിജെ ജോസഫ് പരിഗണിച്ചെങ്കിൽ അത് നല്ല കാര്യമാണ്. പാലായിൽ നിന്നാൽ തോൽപ്പിക്കുമെന്നാണ് പിജെ ജോസഫ് പറയുന്നത്. കെഎം മാണി ഉള്ളപ്പോഴും പിജെ ജോസഫ് ശ്രമിച്ചത് തോൽപ്പിക്കാൻ തന്നെയാണെന്നും ജോസ് കെ മാണി പറഞ്ഞു, ഭരണത്തിൽ വരാൻ വേണ്ടിയല്ല മുന്നണി മാറ്റ തീരുമാനം എടുത്തത് . കേരളാ കോൺഗ്രസിന്‍റെ ഇടത് മുന്നണി പ്രവേശനം വലിയ രാഷ്ട്രീയ മാറ്റം സംസ്ഥാനത്ത് ഉണ്ടാക്കുമെന്നും ജോസ് കെ മാണി. 

രാജ്യസഭാ സീറ്റും പാലായും : 

കേരളാ കോൺഗ്രസ് അടിത്തറയുള്ള പാര്‍ട്ടിയാണ്. രാജ്യസഭാ സീറ്റ് അര്‍ഹതയുള്ളതാണ്. അതിൽ തര്‍ക്കം ഉണ്ടാകുമെന്ന് തോന്നുന്നില്ല. രാജ്യ സഭയിലേക്ക് മത്സരിക്കാനാണെങ്കിൽ അത് രാജി വക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ എന്നും ജെസ് കെ മാണി ചോദിച്ചു. നിയമസഭയിലേക്കാണോ രാജ്യസഭയിലേക്കാണോ ലോക് സഭയിലേക്കാണോ മത്സരിക്കുന്നത് എത്ര സീറ്റ് എവിടെയൊക്കെ എന്നത് സംബന്ധിച്ചെല്ലാം മുന്നണി തീരുമാനം ആണ് ഉണ്ടാകേണ്ടതെന്നും ജോസ് കെ മാണി പറ‌ഞ്ഞു. 

പാലാക്ക് വേണ്ടി വാശിയല്ല കേരളാ കോൺഗ്രസിനുള്ളത്. പാലായെന്നാൽ അത് കേരളാ കോൺഗ്രസിന്‍റെ ഹൃദയ വികാരം ആണ് . പാലാ സമം കെഎം മാണിയാണ്. അതിലാര്‍ക്കും തര്‍ക്കവുമില്ല  . പാലാ സീറ്റിനെ ചൊല്ലി തര്‍ക്കം ഉണ്ടാക്കാവോ വിവാദ പ്രസ്താവനക്കോ ഇത് വരെ പോയിട്ടില്ല. അത് അത് അതിന്‍റെ സമയത്ത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മാണി സി കാപ്പൻ ജയിച്ച സീറ്റിൽ എന്ത് വേണമെന്ന് തീരുമാനിക്കാൻ ഇടത് മുന്നണി നേതൃത്വത്തിന്‍റെ പരിചയസമ്പത്തു കൊണ്ട് കഴിയുമെന്നും ജോസ് കെ മാണി പറഞ്ഞു. 

"സഹോദരി ഭര്‍ത്താവ് കോൺഗ്രസുകാരൻ": 

കേരളാ കോൺഗ്രസിന്‍റെ ഇടത് മുന്നണി ബന്ധത്തിനെതിരെ കുടുംബത്തിൽ നിന്നുണ്ടായ എതിര്‍ സ്വരങ്ങളെ കണക്കിലെടുക്കേണ്ട കാര്യമില്ലെന്നും ജോസ് കെ മാണി പറഞ്ഞു. സഹോദരീ ഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന എംപി ജോസഫ് കോൺഗ്രസുകാരനാണ്. വിഎം സുധീരൻ കെപിസിസി പ്രസിഡന്‍റ്  ആയിരിക്കെയാണ് എം പി ജോസഫ് കോൺഗ്രസ് പാര്‍ട്ടിയിൽ മെന്പര്‍ഷിപ്പെടുത്തത്. അടിസ്ഥാന പരമായി കോൺഗ്രസുകാരനാണെന്നും അതനുസരിച്ചേ അദ്ദേഹത്തിന്‍റെ വാക്കുകളെ കാണുന്നുള്ളു  എന്നുമാണ് ജോസ് കെ മാണിയുടെ മറുപടി.

Follow Us:
Download App:
  • android
  • ios