തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ നിന്ന് പുറത്തേക്ക്. മുന്നണിയിലേക്ക് തിരിച്ചെത്തുന്ന കാര്യം സംശയമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പറഞ്ഞു. ജോസ് വിഭാഗത്തിനെതിരെ കര്‍ശനനിലപാട് വേണമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചു.

സന്നിഗ്ധഘട്ടത്തില്‍ ഒപ്പം നില്‍ക്കാത്ത ജോസ് കെ മാണി കടുത്ത വഞ്ചന കാട്ടിയെന്നാണ് കെപിസിസി രാഷ്ട്രീയകാര്യസമിതിയുടെ വിലയിരുത്തല്‍. അവിശ്വാസപ്രമേയത്തില്‍ നിന്ന് ജോസ് വിഭാഗം വിട്ട് നിന്നത് ഇടതുമുന്നണി രാഷ്ട്രീയആയുധമാക്കിയതോടെ ഇവരോട് വിട്ടുവീഴ്ച വേണ്ടെന്നാണ് രാഷ്ട്രീയകാര്യസമിതിയോഗത്തിന്റെ തീരുമാനം. 

ഇതുവരെ ജോസ് വിഭാഗത്തോട് മൃദുസമീപനം സ്വീകരിച്ചിരുന്ന ഉമ്മന്‍ചാണ്ടി പക്ഷമാണ് കടുത്ത നിലപാട് ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടത്. കെ സി ജോസഫ് ഉന്നയിച്ച ആവശ്യം അടുത്ത യുഡിഎഫ് യോഗം പരിഗണിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. മുസ്ലീംലീഗിന്റെ ഉള്‍പ്പടെ അഭിപ്രായം കേട്ട ശേഷമായിരിക്കും തീരുമാനം

ഇരുവിഭാഗത്തെയും ഒരുമിച്ച് നിര്‍ത്താനാകില്ലെന്ന നിലപാട് ഇതിനകം യുഡിഎഫിലെ പല കക്ഷികളും ഉന്നയിച്ചിരുന്നുവെങ്കിലും ജോസ് വിഭാഗത്തെ പുറത്താക്കാന്‍ ഇപ്പോള്‍ യുഡിഎഫിന് കൃത്യമായ കാരണം കിട്ടിയിരിക്കുകയാണ്. ഇതിനിടെ കെപിസിസി പുനഃസംഘടന വൈകുന്നതില്‍ രാഷ്ട്രീയകാര്യസമിതിയില്‍ ചിലനേതാക്കള്‍ അതൃപ്തി അറിയിച്ചു. സെക്രട്ടറിമാരെ ഉടന്‍ തീരുമാനിക്കണമെന്നാണ് ഇവരുടെ ആവശ്യം