കോട്ടയം: പാലാ നിയമസഭാ സീറ്റിന്റെ കാര്യത്തിൽ മുന്നണിയിൽ ചർച്ച തുടങ്ങിയിട്ടില്ലെന്ന് ജോസ് കെ മാണി. പാലായിൽ താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 
രാജ്യസഭാംഗത്വം രാജിവെച്ചത് സ്ഥിരീകരിച്ച ജോസ് കെ മാണി രാജി രാഷ്ട്രീയ തീരുമാനമാണെന്നും വ്യക്തമാക്കി. 

ജോസ് വിഭാഗത്തെ കേരള കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത് ജനപ്രതിനിധികളുടെ എണ്ണം കൂടി കണക്കിലെടുത്താണ്. ഇതില്‍ രാജ്യസഭാംഗത്വവും നിര്‍ണായകമായിരുന്നു. നിലവില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിൽ രാജി സമര്‍പ്പിക്കുന്നതിന് മുന്‍പ് നിയമോപദേശം തേടിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെയാണ് രാജിക്കത്ത് ഉപരാഷ്ട്രപതിക്ക് കൈമാറിയത്. രാജിയോടെ പാലായിലെ ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കളമൊരുങ്ങിയിരിക്കുകയാണെന്നാണ് പൊതു വിലയിരുത്തൽ. 

കെ എം മാണി മത്സരിച്ച പാലായില്‍ തന്നെ ജോസും മത്സരിക്കണമെന്നതാണ് പാര്‍ട്ടിയിലെ പൊതുവികാരം. എന്നാല്‍ പാലായോടൊപ്പം മത്സരിക്കാന്‍  കടുത്തുരുത്തിയും പരിഗണിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ റോഷി അഗസ്റ്റിനെ പകരം പാലായിലേക്ക് മത്സരിക്കാന്‍ നിയോഗിച്ചേക്കും. മധ്യതിരുവിതാകൂറില്‍  ശക്തി ഏത്  കേരള കോണ്‍ഗ്രസിനാണെന്ന് തെളിയിക്കാനും പരന്പരാഗത വലതു വോട്ടുകളെ ഇടത്പക്ഷത്തെ എത്തിച്ച് എല്‍ഡിഎഫിലെ പാര്‍ട്ടിയുടെ സ്വാധീനം കൂട്ടാനുമാണ്  ജോസ് വിഭാഗം ലക്ഷ്യമിടുന്നത്.