കോട്ടയം: ചെയർമാൻ സ്ഥാനം വെന്‍റിലേറ്ററിലെന്ന പി ജെ ജോസഫിന്‍റെ പരിഹാസത്തിന് മറുപടിയുമായി ജോസ് കെ മാണി. രാഷ്ട്രീയ ജീവിതത്തില്‍ പലവട്ടം വെന്‍റിലേറ്ററിലായിരുന്ന പി ജെ ജോസഫിന് പുതുജീവന്‍ നല്‍കി രക്ഷിച്ചത് കെ എം മാണി സാറാണെന്ന കാര്യം മറക്കരുതെന്ന് ജോസ് കെ മാണി പറഞ്ഞു. വിവാദങ്ങളില്‍പ്പെട്ട് രാഷ്ട്രീയമായി അത്യാസന്ന നിലയിലായിരുന്ന ജോസഫ് ഗ്രൂപ്പിന് ചില കേന്ദ്രങ്ങളുടെ കടുത്ത എതിര്‍പ്പുണ്ടായിട്ടും  അഭയം നല്‍കിയത് കേരളാ കോണ്‍ഗ്രസ്സ് (എം) ആയിരുന്നു. 

ഓരോ ദിവസം കഴിയുംതോറും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടെയില്ല എന്ന് തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന വിഭ്രാന്തി കാരണമാണോ ജോസഫിന്‍റെ ഇത്തരം പ്രസ്താവനകളെന്ന് ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് നാളെ ജോസ് കെ മാണിയുമായി സമവായ ചര്‍ച്ച നടത്താനിരിക്കാനിരിക്കേയായിരുന്നു പി ജെ ജോസഫിന്‍റെ പരിഹാസം. 

ജോസ് കെ മാണിയുടെ ചെയർമാൻ സ്ഥാനം മരണ കിടക്കയിലാണ്. കോടതി വിധി വന്നതിന് ശേഷം ചെയര്‍മാന്‍ സ്ഥാനം വെന്‍റിലേറ്ററിലായെന്നുമായിരുന്നു പി ജെ ജോസഫിന്‍റെ പരിഹാസം. പാലാ ഉപതെരഞ്ഞെടുപ്പ് വരെയെങ്കിലും തര്‍ക്കം ഒഴിവാക്കാൻ യുഡിഎഫ് കിണഞ്ഞു ശ്രമിക്കുമ്പോൾ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഏതു ചിഹ്നത്തിൽ പാലായിൽ മല്‍സരിക്കുമെന്ന കാര്യത്തിൽ  പോലും തര്‍ക്കം രൂക്ഷമാണ്.