Asianet News MalayalamAsianet News Malayalam

'പാലാ നഗരസഭ ചെയര്‍മാനെ സിപിഎം തീരുമാനിക്കും, പ്രാദേശിക വിഷയം മാത്രമാണിത്': ജോസ് കെ മാണി

സിപിഎം ആരെ തീരുമാനിച്ചാലും കേരള കോൺഗ്രസ് അംഗീകരിക്കും.മുന്നണി ധാരണകൾ പൂർണ്ണമായി പാലിക്കുമെന്നും ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോർജ്
 

Jose k mani says cpm will decide pala muncipality chairman
Author
First Published Jan 18, 2023, 10:59 AM IST

കാസര്‍കോട്: പാല നഗരസഭ ചെയര്‍മാന്‍ തര്‍ക്കത്തില്‍ തന്ത്രപരമായ നിലപാടുമായി കേരളകോണ്‍ഗ്രസ് നേതൃത്വം രംഗത്ത്.ചെയർമാൻ കാര്യം സി പി എമ്മിന്  തീരുമാനിക്കാം. പ്രാദേശികമായ കാര്യമാണ് പാലായിലെതെന്നും കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു.സിപിഎം ആരെ തീരുമാനിച്ചാലും കേരള കോൺഗ്രസ് അംഗീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോർജ് വ്യക്തമാക്കി. . ബിനു പുളിക്കകണ്ടത്തെ സി പി എം തീരുമാനിച്ചാലും കേരള കോൺഗ്രസ് പിന്തുണക്കും. മുന്നണി ധാരണകൾ പൂർണ്ണമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

അതേ സമയം പാലാ നഗരസഭ ചെയർമാൻ തർക്കത്തില്‍ നഗരസഭ കൗൺസിലിലെ പഴയ കയ്യാങ്കളി ആയുധമാക്കി കേരള കോൺഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്.സി പി എം നേതാവ് ബിനു പുളിക്കക്കണ്ടത്തെ പ്രതിക്കൂട്ടിലാക്കുന്ന വീഡിയോ പ്രചരിപ്പിക്കുകയാണ്.2021 ൽ കൗൺസിൽ യോഗത്തിനിടെ കേരള കോൺഗ്രസ് കൗൺസിലറെ ബിനു മർദ്ദിക്കുന്ന വീഡിയോ ആണ് പാർട്ടി പ്രവർത്തകർ നവമാധ്യമങ്ങളിലൂടെ വീണ്ടും പ്രചരിപ്പിക്കുന്നത്.പ്രകോപനമില്ലാതെ ബിനു കേരള കോൺഗ്രസ് കൗൺസിലറെ മർദ്ദിക്കുന്നതും മറ്റ് കൗൺസിലർമാർ പിടിച്ചു മാററുന്നതും ദൃശ്യങ്ങളിൽ കാണാം.സ്വന്തം മുന്നണിയിലെ സഹപ്രവർത്തകനെ മർദ്ദിച്ച ആളെ ചെയർമാനാക്കാനാവില്ല എന്ന കടുത്ത നിലപാടിലാണ് കേരള കോൺഗ്രസ് എം പ്രവര്‍ത്തകര്‍.

മൂന്നു കൊല്ലം മുമ്പ് പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ പൊട്ടിയ  അടിയുടെ പേരു പറഞ്ഞാണ് പാർട്ടി ചിഹ്നത്തിൽ മൽസരിച്ചു ജയിച്ച ഏക സി പി എം കൗൺസിലറെ ചെയർമാനാക്കാനുള്ള  നീക്കങ്ങൾക്ക് കേരള കോണ്‍ഗ്രസ് എം പ്രതിരോധം തീർക്കുന്നത്. കേരള കോൺഗ്രസുകാരെ മർദ്ദിച്ചു എന്നത് മാത്രമല്ല നിയമസഭ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ തോൽപ്പിക്കാനും സി പി എം കൗൺസിലറായ ബിനു പുളിക്കക്കണ്ടം ശ്രമിച്ചെന്ന പരാതി മാണി ഗ്രൂപ്പിനുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കാനുള്ള സി പി എം തീരുമാനത്തെ കേരള കോൺഗ്രസ് എതിർക്കുന്നത് .

ഇടതു സ്വതന്ത്രരായി മൽസരിച്ചു ജയിച്ച അഞ്ച് വനിതാ കൗൺസിലർമാരിൽ ഒരാളെ  അധ്യക്ഷയാക്കിയുള്ള ഒത്തു തീർപ്പിനെ കുറിച്ചാണ് സി പി എം ജില്ലാ നേതൃത്വത്തിന്റെ ഇപ്പോഴത്തെ ആലോചന. എന്നാൽ കേരള കോൺഗ്രസ് സമ്മർദ്ദത്തിന് പാർട്ടി വഴങ്ങിയാൽ അണികൾ എങ്ങിനെ ഉൾക്കൊള്ളുമെന്ന ആശയക്കുഴപ്പവും സിപിഎമ്മിൽ ഉണ്ട്. കേരള കോൺഗ്രസ് കടുത്ത നിലപാട് തുടരുകയാണെങ്കിൽ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാതെ പുറത്തുനിന്ന് പിന്തുണ നൽകി പ്രതിഷേധം അറിയിക്കണമെന്ന അഭിപ്രായവും സിപിഎമ്മിൽ ഉയർന്നിട്ടുണ്ട്. 

 

Follow Us:
Download App:
  • android
  • ios