നിലവിൽ ഇടത് മുന്നണി വിടേണ്ട രാഷ്ട്രീയ സാഹചര്യം ഇല്ലെന്നാണ് എൽഡിഎഫ് യോഗത്തിന് ശേഷമുള്ള ജോസ് കെ മാണിയുടെ പ്രതികരണം. കേരള കോൺഗ്രസ് എമ്മിന്‍റെ രാഷ്ട്രീയ പ്രസക്തി നഷ്ടമായെന്ന പി ജെ ജോസഫിന്‍റെ പ്രസ്താവനയക്കെതിരെയും ജോസ് കെ മാണി ആഞ്ഞടിച്ചു.
തിരുവനന്തപുരം: കേരളാ കോൺഗ്രസ് ഇടതുമുന്നണിക്ക് ഒപ്പം തുടരുമെന്നും പാലായിലടക്കം മധ്യകേരളത്തിൽ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ലെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. ആരും വെള്ളം കോരാൻ വരണ്ട. വീമ്പടിക്കുന്ന തൊടുപുഴയിൽ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്ത് മാത്രമാണ്. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിന്. സംഘടനാപരമായി കേരള കോൺഗ്രസിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് തിരിച്ചടി നേരിട്ടതിൻ്റെ പശ്ചാത്തലത്തിൽ ഇടതുമുന്നണി വിടുമെന്ന രീതിയിൽ ചർച്ചകൾ ഉയർന്നിരുന്നു. നിലവിൽ ഇടത് മുന്നണി വിടേണ്ട രാഷ്ട്രീയ സാഹചര്യം ഇല്ലെന്നാണ് എൽഡിഎഫ് യോഗത്തിന് ശേഷമുള്ള ജോസ് കെ മാണിയുടെ പ്രതികരണം.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടായ കേരള കോൺഗ്രസ് എമ്മിന് വേണ്ടി ഇപ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയാണ് യുഡിഎഫ്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് എപ്പോൾ വന്നാലും ഇരുകൈനീട്ടി സ്വീകരിക്കാമെന്ന് നേതാക്കൾ ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ യുഡിഎഫിലേക്ക് ഇല്ലെന്ന നിലപാടാണ് ജോസ് കെ മാണിക്ക്. തെരഞ്ഞെടുപ്പ് തോൽവി കനത്ത തിരിച്ചടി അല്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ സജീവമായ മുന്നണി മാറ്റ ചർച്ചയിൽ പാർട്ടി നേതാക്കൾക്കും അണികൾക്കും ആശയക്കുഴപ്പമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുന്നണിമാറ്റമില്ലെന്ന് പാർട്ടി ചെയർമാൻ നേതാക്കളെ അറിയിച്ചത്. സംസ്ഥാനമൊട്ടാകെയുള്ള അണികളേയും ഇക്കാര്യം ബോധ്യപ്പെടുത്തും. അഞ്ച് കൊല്ലം മുമ്പ് യുഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടതാണെന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ ഓർമ്മപ്പെടുത്തൽ.
കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ-, കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിലേക്ക് ക്ഷണിക്കുമ്പോഴും എതിർക്കുന്നത് പിജെ ജോസഫാണ്. ശക്തി ക്ഷയിച്ച കേരള കോൺഗ്രസ് എമ്മിനെ വേണ്ടെന്നാണ് പിജെ ജോസഫ് യുഡിഎഫ് നേതാക്കളെ അറിയിച്ചത്. പിജെ ജോസഫിനേയും കടന്നാക്രമിക്കുകയാണ് ജോസ് കെ മാണി. മുന്നണി പ്രവേശം കേരള കോൺഗ്രസ് എം തള്ളുമ്പോഴും യുഡിഎഫ് ചർച്ചകൾ സജീവമാണ്. ഈ മാസം 22 ന് മുന്നണി വീപൂലീകരണം ചർച്ച ചെയ്യാൻ യുഡിഎഫ് വിളിച്ചിട്ടുണ്ട്. സിപിഐയേയും മുന്നണിയിലേക്ക് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ക്ഷണിച്ചിട്ടുണ്ട്.



