കോട്ടയം: ജോസ് കെ മാണി പക്ഷത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയെന്ന തീരുമാനം കേട്ട് ഞെട്ടിപ്പോയെന്ന് റോഷി അഗസ്റ്റിൻ. ഒരിക്കലും മുന്നണി മര്യാദ വിട്ട് കേരളാ കോൺഗ്രസ് ജോസ് കെ മാണി പക്ഷം പെരുമാറിയിട്ടില്ല. കേരളാ കോൺഗ്രസിന് വേണ്ടി കണ്ണീർക്കണങ്ങൾ പൊഴിക്കുന്ന കോൺഗ്രസുകാരുണ്ട്. അങ്ങനെയൊന്നും പുറത്താക്കാനാകില്ലെന്നും റോഷി അഗസ്റ്റിൻ ആഞ്ഞടിച്ചു. അതേസമയം, ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും മുന്നണിയിൽ നിന്ന് പുറത്താക്കിയാലും പോകില്ലെന്നും ജോസ് വിഭാഗം നേതാവ് സ്റ്റീഫൻ ജോർജും വ്യക്തമാക്കുന്നു. 

ഇത് പിന്നിൽ നിന്ന് കുത്തുന്ന തരത്തിലുള്ള പ്രസ്താവനയാണെന്നും റോഷി അഗസ്റ്റിൻ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നു. മുന്നണിനേതാക്കളോടെല്ലാം നല്ല ബന്ധമാണ് കേരളാ കോൺഗ്രസ് ജോസ് പക്ഷത്തിനുണ്ടായിരുന്നത്. ഇങ്ങനെ ഞങ്ങളോട് പെരുമാറിയത് കേരളത്തിലെ പൊതുസമൂഹം പൊറുക്കില്ല. കണ്ണീരോടെ കേരളത്തിലെ പൊതുസമൂഹം ഇക്കാര്യം ഏറ്റെടുക്കുമെന്നും റോഷി പറയുന്നു.

''ഊണ് കഴിക്കാൻ പോകുമ്പോൾ ചെകിട്ടത്തടി കിട്ടിയാൽ അത് എന്തിനെന്ന് ആലോചിച്ചിട്ടല്ലേ ഇനിയെന്തെന്ന് ആലോചിക്കാൻ പറ്റൂ. തെറ്റ് ചെയ്യാത്തവരെ ക്രൂശിക്കുന്ന കോടതിയുണ്ടോ എവിടെയേലും? മുന്നണി മര്യാദ ഇത് വരെ ഞങ്ങൾ പാലിച്ചു. പകച്ച് പോയി ഞങ്ങൾ. വിറയൊന്ന് മാറിക്കോട്ടെ'', എന്ന് റോഷി. 

ഒരു തരത്തിലും ഇങ്ങനെ പുറത്താക്കാൻ കഴിയില്ല. ഇത്തരമൊരു നീക്കം യുഡിഎഫിൽ നിന്ന് പ്രതീക്ഷിച്ചില്ല. ഇടത് മുന്നണി സർക്കാരിന്‍റെ നാലാം വാർഷികദിനത്തിൽ പ്രതിഷേധിക്കാൻ യുഡിഎഫിനൊപ്പം പോയവരാണ് ജോസ് പക്ഷം. അതേസമയം, പിണറായി വിജയനെ പുകഴ്ത്താൻ പോയ ആളാണ് മറുപക്ഷത്തുള്ളത്. ഇപ്പോൾ ഞങ്ങളെ പുറത്താക്കിയത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ലെന്നും റോഷി വ്യക്തമാക്കുന്നു. 

അതേസമയം, രാജ്യത്തെ ഏത് മുന്നണിക്കും ജോസ് പക്ഷത്തെ ക്ഷണിക്കാനാകുമെന്നും റോഷി പറയുന്നു. പുതിയ മുന്നണികളിലേക്കുള്ള ചുവടുവയ്പിനുള്ള ഒരു സാധ്യതയും അടച്ചിടുന്നില്ല എന്നർത്ഥം.

പുറത്താക്കിയാലും പോകില്ലെന്ന് സ്റ്റീഫൻ ജോർജ്

ജോസ് കെ മാണി ഇക്കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും അതിന് ശേഷം വിശദമായി പരിശോധിക്കാമെന്നും ജോസ് വിഭാഗത്തെ നേതാവ് സ്റ്റീഫൻ ജോർജ് വ്യക്തമാക്കി. അങ്ങനെ മുന്നണിയിൽ നിന്ന് ഒരു ഭാഗത്തെ പുറത്താക്കാനാകുമോ എന്ന് പരിശോധിക്കണമെന്നാണ് സ്റ്റീഫൻ ജോർജ് പറയുന്നത്.

''ഇത് പ്രൈവറ്റ് കമ്പനിയൊന്നുമല്ലല്ലോ. ജനാധിപത്യപരമായി തീരുമാനിക്കാൻ ഞങ്ങൾക്കും കഴിയും. അവര് പുറത്താക്കിയാലും ഞങ്ങളീ മുന്നണിയിൽ തുടരും. ഒരാൾ ഏകപക്ഷീയമായി തീരുമാനിക്കുന്നതല്ല ധാരണ. ഇന്ന് രാവിലെ വരെ ഞങ്ങളീ മുന്നണിയിലുണ്ട്. ധാരണയുണ്ടായിരുന്ന എല്ലാ പഞ്ചായത്തുകളിലും പദവികൾ പങ്കുവയ്ക്കാൻ തയ്യാറായിട്ടുണ്ട്. അതല്ലാത്ത ഇടത്ത് ഭീഷണിപ്പെടുത്തി പദവി തരണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെടുകയായിരുന്നു. മുന്നണി മാറുമെന്ന് ഭീഷണിപ്പെടുത്തിയാണ് പി ജെ ജോസഫ് നേതാക്കളെ വരുതിയിലാക്കിയത്'', എന്ന് സ്റ്റീഫൻ ജോർജ്. 

ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കിയെന്ന് ഉച്ചയോടെ തീർത്തും അപ്രതീക്ഷിതമായാണ് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ പ്രഖ്യാപിച്ചത്. മുന്നണി യോഗത്തിലേക്ക് ഇനി ജോസ് കെ മാണി പക്ഷത്തെ ക്ഷണിക്കില്ലെന്നും, പല തവണ ആവശ്യത്തിലേറെ ചർച്ച നടത്തിയിട്ടും ധാർമികമായ സഹകരണം പോലും നടത്താതിരുന്നതിനാലാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതെന്നും ബെന്നി ബെഹനാൻ വ്യക്തമാക്കി.