എഫ്ഐആറിലെ കൃത്രിമത്തെ പറ്റിയും, എംപിയുടെ മകന്‍റെ രക്തപരിശോധന നടത്താതിരുന്നതിനെ പറ്റിയും ഗുരുതരമായ സംശയങ്ങളാണ് ഇപ്പോഴും അവശേഷിക്കുന്നത്.
കോട്ടയം: ജോസ് കെ മാണി എംപിയുടെ മകന്‍ പ്രതിയായ വാഹനാപകട കേസിലെ വീഴ്ചകള്‍ തെളിഞ്ഞിട്ടും തുടര്‍ നടപടികളെടുക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്താതെ പൊലീസ്. എഫ്ഐആറിലെ കൃത്രിമത്തെ പറ്റിയും, എം പിയുടെ മകന്‍റെ രക്തപരിശോധന നടത്താതിരുന്നതിനെ പറ്റിയും ഗുരുതരമായ സംശയങ്ങളാണ് ഇപ്പോഴും അവശേഷിക്കുന്നത്. വ്യക്തിപരമായ ആവശ്യങ്ങളെ തുടര്‍ന്ന് കോട്ടയം എസ്പി അവധിയിലായതിനാല്‍ മണിമല പൊലീസിന്‍റെ വീഴ്ചകളുമായി ബന്ധപ്പെട്ട അന്വേഷണവും വൈകുന്ന മട്ടാണ്.
അപകട സ്ഥലത്ത് പോലും ഇല്ലാതിരുന്ന ആളെ വിളിച്ച് സ്റ്റേഷനില്‍ കൊണ്ടു പോയി ഒപ്പീടിച്ചു തയാറാക്കിയ എഫ്ഐആറാണ് പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രധാന ഘടകം. നാല്‍പ്പത്തിയഞ്ച് വയസുകാരനായ ഡ്രൈവര്‍ എന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയത് മരിച്ച യുവാക്കളുടെ ബന്ധു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നെന്ന പൊലീസ് വാദം ബന്ധു തന്നെ ഏഷ്യാനെറ്റ് ന്യൂസിന് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലോടെ പൊളിഞ്ഞിരുന്നു. എഫ്ഐആര്‍ ഘട്ടത്തില്‍ തന്നെയുണ്ടായ ഗുരുതര വീഴ്ച വ്യക്തമായിട്ടും വീഴ്ച വരുത്തിയവര്‍ക്കെതിരായ നടപടിയെ കുറിച്ച് പൊലീസും ആഭ്യന്തര വകുപ്പും മൗനത്തിലാണ്. അപകടത്തിന് ശേഷം യുവാക്കളെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും സന്നദ്ധനായി ജോസ് കെ മാണിയുടെ മകന്‍ സംഭവ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നെന്ന് പൊലീസ് സമ്മതിക്കുന്നുണ്ട്.
എന്നിട്ടും നാല്‍പ്പത്തിയഞ്ച് വയസുകാരനായ ഡ്രൈവര്‍ എന്ന് എഫ്ഐആറില്‍ രേഖപ്പെടുത്താന്‍ പൊലീസിന് മേല്‍ ആരാണ് സമ്മര്‍ദം ചെലുത്തിയത് എന്ന ചോദ്യവും അവശേഷിക്കുന്നു. അവധിയിലുളള കോട്ടയം എസ്പി കെ.കാര്‍ത്തിക് മടങ്ങിയത്തിയ ശേഷം വീഴ്ചകളെ പറ്റി അന്വേഷണം ഉണ്ടായേക്കുമെന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് പൊലീസ് പങ്കുവയ്ക്കുന്നത്. ജോസ് കെ മാണിയുടെ മകന്‍റെ രക്ത പരിശോധന എന്തുകൊണ്ട് നടത്തിയില്ലെന്ന കാര്യത്തിലും പൊലീസിന് ഉത്തരമില്ല. രക്ത പരിശോധന ഒഴിവാക്കാനാണ് എഫ്ഐആറില്‍ ക്രമക്കേട് നടത്തിയത് എന്ന സംശയവും അതുകൊണ്ടു തന്നെ ബലപ്പെടുകയാണ്. കേസിലെ പൊലീസ് വീഴ്ച പകല്‍ പോലെ വ്യക്തമായിട്ടും പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും വിഷയത്തില്‍ മൗനം തുടരുകയുമാണ്. കോട്ടയത്ത് വാര്‍ത്താ സമ്മേളനം നടത്തിയ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്‍റെ പ്രതികരണം സംഭവത്തെ പറ്റി അറിഞ്ഞിട്ടേയില്ലെന്ന മട്ടിലായിരുന്നു.

രണ്ട് യുവാക്കളുടെ ജീവനെടുത്ത അപകടത്തിലെ പൊലീസ് വീഴ്ച കണ്ടില്ലെന്ന മട്ടിലാണ് കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവും. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം മൗനം തുടരുന്നതിനിടെ മരിച്ച യുവാക്കളുടെ കുടുംബത്തിന് സാമ്പത്തിക സഹായം സമാഹരിക്കാന്‍ പാലാ മണ്ഡലം കമ്മിറ്റി രംഗത്തിറങ്ങുകയും ചെയ്തു. ഞങ്ങള്‍ക്ക് മനസാക്ഷിയുണ്ട് എന്ന പേരിലാണ് പാലായിലെ കോണ്‍ഗ്രസുകാരുടെ ധനസമാഹരണം.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു കെഎം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ ബൈക്ക് മണിമല ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്നാണ് ബൈക്ക് പിന്നില്‍ ഇടിച്ച് കയറിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
