Jose K Mani : ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്, 96 വോട്ടോടെ വിജയം
രാജ്യസഭയിലേക്ക് പോകുകയാണെങ്കിലും തന്‍റെ പ്രഥമ പരിഗണന എപ്പോഴും പാലായ്ക്ക് ആയിരിക്കുമെന്ന് ജോസ് കെ മാണി വിജയത്തിന് ശേഷം പ്രതികരിച്ചു.

തിരുവനന്തപുരം: ജോസ് കെ മാണി (Jose K Mani) വീണ്ടും രാജ്യസഭയിലേക്ക് (Rajyasabha) തെരഞ്ഞെടുക്കപ്പെട്ടു. 137 പേരാണ് രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. ഇതിൽ 96 വോട്ടും ഇടത് മുന്നണി സ്ഥാനാർത്ഥി ജോസ് കെ മാണിക്ക് തന്നെ കിട്ടി. യുഡിഎഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരന് 40 വോട്ടാണ് കിട്ടിയത്. എൽഡിഎഫിന് വോട്ട് ചെയ്ത ഒരു അംഗത്തിന്റെ വോട്ട് യുഡിഎഫിന്റെ പരാതിയെ തുടർന്നു അസാധുവാക്കി അനാരോഗ്യത്തെ തുടർന്ന് 3 പേർ വോട്ട് ചെയ്തില്ല. ടി പി രാമകൃഷ്ണൻ, പി ടി തോമസ്, പി മമ്മിക്കുട്ടി എന്നിവരാണ് അനാരോഗ്യം മൂലം വിട്ട് നിന്നത്.
രാജ്യസഭയിലേക്ക് പോകുകയാണെങ്കിലും തന്‍റെ പ്രഥമ പരിഗണന എപ്പോഴും പാലായ്ക്ക് ആയിരിക്കുമെന്ന് ജോസ് കെ മാണി വിജയത്തിന് ശേഷം പ്രതികരിച്ചു.
നിയമസഭാ മന്ദിരത്തിൽ രാവിലെ 9 നാണ് വോട്ടെടുപ്പ് തുടങ്ങിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രാവിലെ വോട്ട് രേഖപ്പെടുത്തി. നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടത് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ ജയം ഉറപ്പായിരുന്നു. രാഷ്ട്രീയമത്സരം കാഴ്ചവെക്കുന്നതിൻറെ ഭാഗമായാണ് യുഡിഎഫ് ശൂരനാട് രാജശേഖരനെ സ്ഥാനാർത്ഥിയാക്കിയത്.
2018ൽ യുഡിഎഫിൽ ആയിരിക്കെ ആണ് ജോസ് രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപെട്ടത്. മുന്നണി മാറ്റത്തെ തുടർന്ന് രാജി വെച്ച സീറ്റ് വീണ്ടും ജോസിന് നല്കാൻ എൽഡിഎഫ് തീരുമാനിക്കുക ആയിരുന്നു. പാലായിൽ മത്സരിക്കാൻ വേണ്ടിയാണ് ജോസ് കെ മാണി എംപി സ്ഥാനം രാജിവെച്ചത്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനോട് ജോസ് പരാജയപ്പെടുകയായിരുന്നു. പാലായിൽ ജോസിനെ തോല്പിച്ച മാണി സി കാപ്പൻ കൊവിഡായിട്ടും പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്തു.