തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് മുന്നിൽ വാതിലുകൾ കൊട്ടി അടച്ചിട്ടില്ലെന്ന്  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് ഘടകകക്ഷിളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തെന്ന് കെപിസിസി പ്ര,സിഡന്‍റ് പറ‍ഞ്ഞു. ആലോചിച്ച ശേഷം തുടര്‍ തീരുമാനമെടുക്കും. 

രണ്ടില ചിഹ്നം അനുവദിച്ച് കിട്ടിയ സാഹചര്യത്തിലാണ് യുഡിഎഫിൽ തിരക്കിട്ട പുനരാലോചന നടക്കുന്നത്. ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ നിലനിര്‍ത്തണമെന്ന ആവശ്യമാണ് ഘടകക്ഷികളും ആവശ്യപ്പെടുന്നത്. ഇക്കാര്യം കെപിസിസി പ്രസിഡന്‍റിനോടും പ്രതിപക്ഷ നേതാവിനോടും സംസാരിച്ചിട്ടുമുണ്ട്. 

ജോസ് കെ മാണി വിഷയത്തിൽ  മുൻകൈയെടുക്കാനില്ലെന്നാണ് മുസ്ലീം ലീഗിന്‍റെ പരസ്യ നിലപാട്. യുഡിഎഫ് യോഗത്തിനു ശേഷം മാത്രമേ ഇനി  ചർച്ചയുണ്ടാവുകയുള്ളൂവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം പിജെ ജോസഫ് വിഭാഗത്തിനെതിരെ നിയമ നടപടിയുമായി ജോസ് പക്ഷം മുന്നോട്ട് പോകുകയാണ്. ചെറുതോണിയിൽ നടത്തുന്ന ധർണയിൽ ജോസഫ് വിഭാഗം കേരള കോൺ (എം) എന്ന പേര് ഉപയോഗിക്കുന്നെന്ന് ജോസ് പക്ഷം പരാതിപ്പെട്ടു.  ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധിയ്ക്ക് എതിരാണെന്നാണ് വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോസ് വിഭാഗം ഡിജിപിക്കും ഇടുക്കി എസ്പിക്കും പരാതി നൽകിയിട്ടുണ്ട് 

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് പിജെ ജോസഫിന്‍റെ പ്രതികരണം. നല്ല കുട്ടികളായി വന്നാൽ മുന്നണി പ്രവേശത്തോട് എതിര്‍പ്പില്ലെന്നും പിജെ ജോസഫ് പറഞ്ഞു