കോട്ടയം: പാലായിലെ ജനങ്ങൾ തന്നെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേല്‍. നിഷയെ മാറ്റിയതില്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്ന് ജോസ് ടോം പറഞ്ഞു. പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങളില്ല. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ പ്രചാരണ തന്ത്രങ്ങൾ രൂപീകരിക്കും. വിജയം ഉറപ്പെന്ന ഉറച്ച പ്രതീക്ഷയിലാണ് ജോസ് ടോം. 

പാർട്ടിയിൽ ഭൂരിപക്ഷം പേരും പറഞ്ഞത് നിഷയുടെ പേരാണ്, ജോസ് കെ മാണിയുടെ പേരും ഉയർന്നിരുന്നു. ജോസ് കെ മാണിയാണ് കുടുംബത്തിൽ നിന്ന് സ്ഥാനാർത്ഥി വേണ്ട എന്ന് തീരുമാനിച്ചത്. സ്റ്റിയറിംഗ് കമ്മിറ്റി ഇത് അംഗീകരിക്കുകയായിരുന്നെന്നും ജോസ് ടോം പറഞ്ഞു.

പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേല്‍ ഇന്ന് പ്രചാരണം തുടങ്ങും. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പ്രചാരണം. തുടർന്ന് പൗരപ്രമുഖരുമായും മതമേലധ്യക്ഷന്മാരുമായും കൂടിക്കാഴ്ച നടത്തും. രാവിലെ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ നേതാക്കൾ കൂടിയാലോചിച്ച് ഭാവി പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യും.

അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ ജോസ് കെ മാണി വിഭാഗം നിര്‍ദ്ദേശിച്ച ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തിന് പി ജെ ജോസഫ് വഴങ്ങുകയായിരുന്നു. യുഡിഎഫ് നേതാക്കള്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയെത്തുടര്‍ന്നാണ് ജോസഫ് വഴങ്ങിയത്. അതേസമയം, കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഏത് ചിഹ്നത്തില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.