കണ്ണൂർ: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തുന്ന കേരളീയർക്കും പ്രവാസികൾക്കും ഹോം ക്വാറന്റൈൻ ഏർപ്പെടുത്തിയ തീരുമാനം മണ്ടത്തരമാണെന്ന് കെ സുധാകരൻ എംപി. മുഖ്യമന്ത്രി പിണറായി വിജയനെ ബഡായി രാമനെന്നും അദ്ദേഹം പരിഹസിച്ചു. വിവാദ പ്രസ്താവന നടത്തിയ വനിതാ കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈൻ സ്ഥാനം രാജിവയ്ക്കണമെന്നും എംപി ആവശ്യപ്പെട്ടു.

പാർട്ടിയാണ് കോടതിയും പൊലീസും എന്ന് പറയുന്നത് പദവിയുടെ അന്തസ്സിന് ചേരാത്ത പ്രസ്താവനയാണ്. അവർ രാജിവച്ച് പുറത്ത് പോകണം. മണൽ കടത്ത് സിപിഎം കണ്ണൂർ ലോബിയുടെ കൊള്ളയാണ്. കൊവിഡിനെ മറയാക്കിയുള്ള മണൽ കൊള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയുള്ളതാണ്. സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്ക് എത്തേണ്ടിയിരുന്ന 250 കോടി രൂപ കൊള്ളയടിച്ചു. ശവത്തിൽ നിന്ന് പോക്കറ്റടിക്കുന്ന ആളുകളുടെ മനസ്ഥിതിയാണ് പിണറായി സർക്കാറിന്. ഈ പണം ഉണ്ടെങ്കിൽ കുട്ടികൾക്ക് ടി വി വാങ്ങിച്ച് നൽകാമായിരുന്നുവെന്നും കണ്ണൂർ എംപി വിമർശിച്ചു. ബഡായി ബംഗ്ലാവിലെ ബഡായി രാമനാണ് പിണറായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ പണത്തിന്റെ കണക്കും ചെലവാക്കിയ തുകയും പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുഴകൾ മാലിന്യ മുക്തമാക്കാൻ എത്ര ചെലവ് വരുമെന്നോ അതിൽ നിന്ന് എത്ര മണൽകിട്ടുമെന്നോ എസ്റ്റിമേറ്റ് തയ്യാറാക്കിയില്ലെന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. വനത്തിൽ നിന്ന് മണലെടുക്കുമ്പോൾ കേന്ദ്ര വനം  പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന നിയമം അട്ടിമറിച്ചു. മണൽ കൊള്ളയിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.