തിരുവനന്തപുരം: സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ വാഹനമോടിച്ചയാളെക്കുറിച്ച് ഏകദേശം ധാരണ ലഭിച്ചതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സഞ്ജയ് കുമാർ ​ഗുരുഡിൻ പറഞ്ഞു. എന്നാൽ, കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാനാകുകയുള്ളുവെന്നും ​ഗുരുഡിൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിയമനടപടികൾ പൂർത്തിയാക്കിയതിന് ശേഷം വൈദ്യ പരിശോധനയ്ക്കായി ശ്രീറാം വെങ്കിട്ടരാമന്റെ രക്ത സാംമ്പിളുകൾ ശേഖരിക്കും. കേസുമായി ബന്ധപ്പെട്ട് ഫെറൻസിക് പരിശോധന നടത്തും. കാറിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാളുടെ രക്ത സാംമ്പിൾ എടുത്തിട്ടുണ്ട്. എന്നാൽ, ശ്രീറാമിന്റെ രക്ത സംമ്പിൾ എടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. കേസിൽ കസ്റ്റഡിയിൽ എടുത്തയാൾ രക്ത സാംമ്പിൾ നൽകാൻ തയ്യാറല്ലെങ്കിൽ നിർബന്ധിച്ച് എടുക്കാൻ കഴിയില്ലെന്നും ​ഗുരുഡിൽ വ്യക്തമാക്കി.