Asianet News MalayalamAsianet News Malayalam

മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊന്ന കേസ്; റിമാൻഡിലായിട്ടും ശ്രീറാമിനെ സസ്പെൻഡ് ചെയ്യാതെ സർക്കാർ

കേസിൽ ശ്രീറാമിനൊപ്പം സു​ഹൃത്ത് വഫാ ഫിറോസിനെയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനെ പ്രോത്സാഹിപ്പിച്ചുവെന്ന വിലയിരുത്തലിലാണ് ഇവർക്കെതിരെ കേസെടുത്തത്. 

journalist killed after Sriram Venkitaraman's car hits into a bike government did not take any action against him
Author
Thiruvananthapuram, First Published Aug 4, 2019, 6:24 AM IST

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവർത്തകനെ ഇടിച്ചുകൊന്ന കേസിൽ റിമാൻഡിലായ സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാതെ സർക്കാർ. റിമാൻഡിലായി 48 മണിക്കൂറിനകം സസ്പെൻഡ് ചെയ്യണമെന്ന സർവീസ് ചട്ടം നിലനിൽക്കെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നടപടി നീളുകയാണ്.

കേസിൽ ഇന്നലെ വൈകിട്ടാണ് ശ്രീറാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട് ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകളും ചുമത്തുകയായിരുന്നു. അപകടത്തിന് ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിനെ മജിസ്ട്രേറ്റുമായി എത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന് രക്ത സാംമ്പിൾ ശേഖരിക്കാത്തത് ഏറെ വിവാദമായിരുന്നു.   അപകടസമയത്ത് എത്രത്തോളം മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ഫലം കേസിൽ ഏറെ നിർണായകമാണ്. കാറിൽ നിന്ന് വിരലടയാളമെടുത്തെങ്കിലും ശ്രീറാമിൽ നിന്ന് ഇതുവരെയും വിരലടയാളം ശേഖരിച്ചിട്ടില്ല.

അപകടം നടന്നതിന് ശേഷം ദേഹപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലെ ശ്രീറാമിനെ മെഡിക്കൽ കോളേജിലേക്ക് ഡോക്ടർ റഫർ ചെയ്തിരുന്നെങ്കിലും സ്വന്തം ഇഷ്ടപ്രകാരം ശ്രീറാം സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ശ്രീറാമിന് കാര്യമായ ആരോഗ്യപ്രശ്നമില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ശ്രീറാമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിൽ തന്നെ തുടരാൻ അനുവദിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ തുടർന്ന് ജാമ്യത്തിന് ശ്രമിക്കാനാണ് ശ്രീറാമിന്റെ നീക്കം. നാളെ ജില്ലാ സെഷൻസ് കോടതിയിലോ ഹൈക്കോടതിയിലേ ജാമ്യാപേക്ഷ സമർപ്പിക്കും.

കേസിൽ ശ്രീറാമിനൊപ്പം സു​ഹൃത്ത് വഫാ ഫിറോസിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകരമായ രീതിയിൽ വാഹനമോടിച്ചതിനെ പ്രോത്സാഹിപ്പിച്ചുവെന്ന വിലയിരുത്തലിലാണ് ഇവർക്കെതിരെ കേസെടുത്തത്. ഇരുവരുടെയും ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് തുടങ്ങി. കൂളിംഗ് ഫിലിം ഒട്ടിച്ച് ചില്ലുകൾ മറച്ചതിനും തുടർച്ചയായി നിയമലംഘനങ്ങൾ നടത്തിയതിനും കാറിന്റെ രജിസ്ട്രേഷനും റദ്ദാക്കും.

അതേസമയം, സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ സംബന്ധിച്ച് നാളെ തീരുമാനമുണ്ടായേക്കും. റിമാൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേസിന്റെ വിശദാശംങ്ങൾ സിറ്റി പൊലീസ് കമ്മീഷണ‌ർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ടായി കൈമാറും. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. കൊല്ലത്ത് സിറാജ് പത്രത്തിന്റെ യോ​ഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബഷീറിന്റെ ബൈക്ക് അപകടത്തിൽപെട്ടത്. 
 

Follow Us:
Download App:
  • android
  • ios