കോട്ടയം: ജോസ് കെ മാണി ഇന്ന് വിളിച്ച് ചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗം തമാശയെന്ന് കേരള കോണ്ഡ‍ഗ്രസ് നേതാവ് ജോയ് എബ്രഹാം. വ്യവസ്ഥാപിതമായേ പാർട്ടിക്ക് പ്രവർത്തിക്കാനാകൂ. ജോസ് കെ മാണിയുടെ നീക്കം പാർട്ടി ഭരണഘടനാ ലംഘനമാണെന്നും  ജോയ് എബ്രഹാം പറഞ്ഞു. 

127 പേർ ഒപ്പിട്ട് പി ജെ ജോസഫിന് അയച്ച കത്തിൽ പലരും സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ല. ജോസ് കെ മ‌ാണിയെ വൈസ് ചെയർമാനാക്കിയതും സമവായത്തിലൂടെയാണ്. ബദൽ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കുനനവർക്കെതിരെ അച്ചടക്ക നടപടി എടുക്കണോ എന്ന് ആലോചിച്ച് തീരുമാനിക്കും. കീഴ് വഴക്കങ്ങളും പാർട്ടി ഭരണഘടനയുമാണ് വലുതെന്നും ജോയ് എബ്രഹാം. 

സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് 127 പേർ ഒപ്പിട്ട കത്ത് ജോസ് കെ മാണി വിഭാഗം ജോസഫിന് നൽകിയിരുന്നു. ജോസഫ് ഇതിനെ അവഗണിച്ചതോടെയാണ് സമാന്തരമായി യോഗം വിളിക്കാൻ ജോസ് കെ മാണി വിഭാഗം തീരുമാനിച്ചത്. ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുള്ള സാഹചര്യത്തിൽ വിമത പ്രവർത്തനമായി യോഗത്തെ വ്യാഖ്യാനിക്കാൻ കഴിയില്ലെന്നാണ് ജോസ് കെ മാണി വിഭാഗത്തിന് ലഭിച്ച നിയമോപദേശം.

"കെ എം മാണിയുടെ ഇരിപ്പിടത്തില്‍ പി ജെ ജോസഫ് സ്വയം ഇരുന്നത് എംഎൽഎമാരോട് ചോദിക്കാതെയാണ്. ഈ സാഹചര്യത്തിലാണ് ഭരണഘടനാപരമായി സംസ്ഥാന കമ്മിറ്റി ചേരുന്നത്. ജോസഫിനടക്കം നാളെ എല്ലാവർക്കും ക്ഷണമുണ്ട്" ജോസ് കെ മാണി പറഞ്ഞു. 

പാർട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെടില്ലെന്നും ജോസ് കെ മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നു. പാർട്ടി എംപിമാർക്ക് അടക്കം പാർലമെൻററി പാർട്ടിയിൽ വോട്ടെടുപ്പിന് അവകാശമുണ്ടെന്നും ജോസ് കെ മാണി വിഭാഗം പറയുന്നു. ജോസഫ് വിഭാഗത്തിലെ ഇനിയുള്ള നീക്കം നിർണായകമാണ്. പിളരുമ്പോൾ ഇനി ഇരുപക്ഷവും നിയമപോരാട്ടത്തിലേക്കും കടക്കും.