കളമശ്ശേരി: ലോക്ക് ഡൗണിന് പിന്നാലെ തൊഴിൽ നഷ്ടപ്പെട്ടപ്പോൾ കളമശേരി സ്വദേശി അനോജിന് തുണയായത് നടൻ ജോയ്‍ മാത്യു. ജോയ് മാത്യുവിന്‍റെ കളമശേരി കുസാറ്റിന് സമീപത്തെ മരപ്പണിക്കാരനായ അനോജിന് ലോക്ക് ലൗൺ  വന്നതോടെ പണിയില്ലാതായി. ഇനി എന്ത് ചെയ്യുമെന്ന ചിന്ത വന്നതോടെ കൂട്ടുകാരോടൊപ്പം കൃഷി തുടങ്ങിയാലോ എന്ന് ആലോചനയായി. 

പക്ഷെ കൃഷിക്ക് വേണ്ട ഭൂമിയില്ല. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കൂട്ടുകാരന്‍റെ വീടിന് മുന്നിൽ കാടുപിടിച്ചുകിടന്ന ഈ സ്ഥലം കണ്ടത്. അന്വേഷിച്ചപ്പോൾ സിനിമാനടൻ ജോയ്‍ മാത്യുവിന്‍റെ  ഉടമസ്ഥതയിൽ ഉള്ള സ്ഥലമാണെന്ന് അറിഞ്ഞു. ഉടൻ ഫോൺ നമ്പര്‍ തപ്പിയെടുത്ത് ജോയ് മാത്യുവിനെ വിളിച്ചു.

കളമശേരിയിലെ 22 സെന്‍റ് ഭൂമിയിൽ അനോജും വീട്ടുകാരും ഇപ്പോൾ ജൈവകൃഷി തുടങ്ങിയിരിക്കുകയാണ്. കാടുവെട്ടിത്തെളിച്ച് വെണ്ടയും ചീരയും പയറുമൊക്കെ വിത്തിട്ടു. കാടുപിടിച്ചുകിടന്ന സ്ഥലത്ത് കൃഷിയുടെ പുതുനാമ്പുകള്‍ മുളച്ചതിന്‍റെ സന്തോഷം ജോയ് മാത്യുവും പങ്കിട്ടു. അനോജിന്‍റെ വീട്ടിലെ മുതിർന്ന അംഗം മുതൽ കുഞ്ഞുങ്ങൾ വരെ ഈ ജൈവകൃഷിയുടെ ഭാഗമാകുന്നു. ലോക്ക് ഡൗൺ മാറിയാലും കൃഷി പൂർണതോതിൽ തുടരാനാണ് ഇവരുടെ തീരുമാനം.