ദില്ലി: കെപിസിസി ക്ക് ഇക്കുറിയും ജംബോ ഭാരവാഹി പട്ടിക തന്നെ. 5 വർക്കിംഗ് പ്രസിഡൻറുമാരും , 13 വൈസ് പ്രസിഡൻറുമാരടക്കം നൂറോളം പേരുടെ പട്ടികയാണ് ഹൈക്കമാൻഡിന് കൈമാറിയത്. പട്ടിക വെട്ടിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന മുല്ലപ്പള്ളിയുടെ ഭീഷണി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തള്ളി. ഔദ്യോഗിക പ്രഖ്യാപനം വൈകുന്നരം ഉണ്ടായേക്കും.  

കെപിസിസി പുനഃസംഘടന സംബന്ധിച്ച് ഒടുവില്‍ കാര്യങ്ങള്‍ നേതാക്കള്‍ നിശ്ചയിച്ചിടത്തു തന്നെയെത്തി. ജംബോ പട്ടിക വേണ്ടെന്നും ഒരാള്‍ക്ക് ഒരു പദവി മതിയെന്നുമുള്ള കെപിസിസി അധ്യക്ഷന്‍റെ നിലപാട് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അംഗീകരിച്ചില്ല. തുടക്കത്തിലേ ജംബോ പട്ടികയ്ക്ക് എതിരായിരുന്ന ഇരുനേതാക്കളെയും ഇന്നലെ ദില്ലിയ്ക്ക് വിളിപ്പിച്ചെങ്കിലും ചര്‍ച്ചയില്‍ ഫലമുണ്ടായില്ല. മൂന്നു വര്‍ക്കിംഗ് പ്രസിഡന്‍റുമാരുണ്ടായിരുന്നിടത്താണ് ഇനി മുതല്‍ അഞ്ചു പേരുണ്ടാകുക. 

എംപിമാരായ  കൊടിക്കുന്നില്‍ സുരേഷിനെയും കെ സുധാകരനെയും നിലനിര്‍ത്തിയപ്പോള്‍ കെ വി തോമസ്, വി ഡി സതീശന്‍, പി സി വിഷ്ണുനാഥ് എന്നിവര്‍ പട്ടികയില്‍ പുതുതായി ഇടം നേടി. ഇവരില്‍ കെ വി തോമസ് ഹൈക്കമാന്‍റ് നോമിനിയാണ്.  എംപിമാരായ അടൂര്‍ പ്രകാശ്, ടി എന്‍ പ്രതാപന്‍ എന്നിവരടക്കം 13 പേരാണ് വൈസ് പ്രസിഡന്‍റുമാരുടെ പട്ടികയിലുള്ളത്. ഗ്രൂപ്പ് ബലാബലത്തിലൂടെ  ജോസഫ് വാഴയ്ക്കന്‍, വി എസ് ശിവകുമാര്‍,  തമ്പാനൂര്‍ രവി തുടങ്ങിയവരും പട്ടികയിലിടം നേടി. വനിതാ പ്രാതിനിധ്യത്തിനായി കെ സി റോസക്കുട്ടിയും വൈസ് പ്രസിഡന്‍റുമാരുടെ പട്ടികയില്‍ ഇടം പിടിച്ചു. 

ജനറല്‍ സെക്രട്ടറി, സെക്രട്ടറി, ട്രഷറര്‍ അടക്കം നൂറോളം പേരുടെ പട്ടികയാണ് കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ഇന്ന് കൈമാറിയത്.