Asianet News MalayalamAsianet News Malayalam

വേതന വർധനവ് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജുകളിലെ ജൂനിയർ നഴ്സുമാർ സമരത്തിൽ

 7 മെഡിക്കൽ കോളേജുകളിൽ കൊവിഡ് ഡ്യൂട്ടിയിലുള്ളവരടക്കം 375 ജൂനിയർ നഴ്സുമാരാണ് സമരം ചെയ്യുന്നത്. 6000 രൂപയിൽ നിന്നും 2016ൽ 13900 രൂപയാക്കിയ സ്റ്റൈപ്പൻഡ് പിന്നീടിതുവരെ പുതുക്കാത്തതിൽ  പ്രതിഷേധിച്ചാണ് സമരം.  

junior nurses in seven medical colleges on strike demanding salary hike
Author
Thiruvananthapuram, First Published Aug 21, 2020, 10:36 AM IST

തിരുവനന്തപുരം: വേതന വർധനവിൽ തീരുമാനമാകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ നഴ്സുമാർ  ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിന്ന് സമരത്തിൽ. 7 മെഡിക്കൽ കോളേജുകളിൽ കൊവിഡ് ഡ്യൂട്ടിയിലുള്ളവരടക്കം 375 ജൂനിയർ നഴ്സുമാരാണ് സമരം ചെയ്യുന്നത്. 6000 രൂപയിൽ നിന്നും 2016ൽ 13900 രൂപയാക്കിയ സ്റ്റൈപ്പൻഡ് പിന്നീടിതുവരെ പുതുക്കാത്തതിൽ  പ്രതിഷേധിച്ചാണ് സമരം.  

അതേസമയം ഇവരുടെ വേതനം പുതുക്കുന്നതിൽ ഫയൽ ധനവകുപ്പിന്റെ പരിഗണനയിലാണെന്നും മുൻകൂർ നോട്ടീസ് പോലും നൽകാതെയാണ് സമരമെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്.  നഴ്സിംഗ് കോഴ്സിലെ ബോണ്ടിന്റെ ഭാഗമായുള്ള നിർബന്ധിത സേവനമാണെന്നിരിക്കെ സമരം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.

എറണാകുളം മെഡിക്കൽ കോളേജിൽ 40 ഓളം ജൂനിയർ നഴ്സുമാരാണ് ജോലിയിൽ നിന്നും വിട്ടുനിന്ന് സമരം ചെയ്യുന്നത്. സ്റ്റാഫ് നഴ്സിന് നൽകുന്ന അടിസ്ഥാന വേതനമെങ്കിലും അതേ ജോലി ചെയ്യുന്ന ജൂനിയർ നഴ്സുമാർക്ക് നൽകണമെന്നാണ് സമരത്തിലുള്ളവരുടെ ആവശ്യം. സമരം മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സമരം കണക്കിലെടുത്ത് സ്റ്റാഫ് നഴ്സുമാരുടെ ജോലി പുനർ ക്രമീകരിച്ചിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് വ്യക്തമാക്കി. എന്നാല്‍ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുമെന്നാണ് ആശങ്ക.

Follow Us:
Download App:
  • android
  • ios