ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്, എന്നാൽ സംസ്ഥാന സർക്കാർ ഇതിനെതിരെ സത്യവാങ്മൂലം നൽകി

ദില്ലി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആരോഗ്യ കാരണങ്ങളാൽ ജാമ്യം നൽകണമെന്നാണ് ജ്യോതി ബാബുവിന്റെ ആവശ്യം. ജസ്റ്റിസ് എം എം ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹർജി പരിഗണിച്ച കോടതി സംസ്ഥാന സർക്കാരിനോട് ആരോഗ്യസംബന്ധമായ വിശദാംശങ്ങൾ സുപ്രീംകോടതി തേടിയിരുന്നു. ജ്യോതി ബാബുവിന്റെ അസുഖം, ചികത്സ തുടങ്ങിയ വിവരങ്ങൾ നൽകാനായിരുന്നു നിർദ്ദേശം. ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ കഴിഞ്ഞ ആഴ്ച സത്യവാങ്മൂലം നൽകിയിരുന്നു.

2012 മെയ് 4-നാണ് ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ വടകര വള്ളിക്കാട് വെച്ച് കൊല്ലപ്പെട്ടത്. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഈ കേസിൽ ഗൂഢാലോചന കുറ്റമാണ് ജ്യോതിബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണ കോടതി വെറുതെ വിട്ടിരുന്ന ജ്യോതിബാബുവിനെ, ഹൈക്കോടതിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ജ്യോതിബാബു ഉൾപ്പെടെയുള്ളവർക്ക് ശിക്ഷ ലഭിച്ചത്. ഇതിനു പിന്നാലെയാണ് ആരോഗ്യ കാരണങ്ങൾ ഉന്നയിച്ച് പ്രതി സുപ്രീംകോടതിയെ അഭയം പ്രാപിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തനിക്കുണ്ടെന്നും, ജയിലിനുള്ളിലെ സൗകര്യങ്ങൾ ചികിത്സയ്ക്ക് പര്യാപ്തമല്ലെന്നുമാണ് ജ്യോതിബാബുവിന്റെ പ്രധാന വാദം.

കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ, ജ്യോതിബാബുവിന്റെ കൃത്യമായ ആരോഗ്യസ്ഥിതി അറിയിക്കാൻ കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ചികിത്സാ രേഖകൾ, നിലവിൽ നൽകുന്ന പരിചരണം, വിദഗ്ധ ചികിത്സയുടെ അനിവാര്യതയടക്കം പരിശോധിച്ചാകും സുപ്രീം കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.