Asianet News MalayalamAsianet News Malayalam

'കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്ന രീതി'; മരംമുറി വിവാദത്തില്‍ കെ ബാബു

സത്യം പുറത്തുവന്നാൽ നാടു ഭരിക്കുന്നവർ കാട്ടു കള്ളമാരായി മാറും. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാടുകൾ നിരീക്ഷിക്കുമ്പോൾ 'ഡെന്മാർക്കിൽ എന്തോ ചീഞ്ഞ് നാറുന്നു' എന്ന് തോന്നുന്നത് സ്വാഭാവികമെന്നും അദ്ദേഹം  പരിഹസിച്ചു.

k babu mla criticize ldf government on tree cutting case
Author
Kochi, First Published Jul 18, 2021, 9:58 PM IST

കൊച്ചി: കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്ന രീതിയാണ് മരം മുറി സംഭവത്തിൽ പിണറായി വിജയൻ സർക്കാരിന്റേതെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ. ബാബു എം.എൽ.എ ആരോപിച്ചു. മരം കൂട്ടത്തോടെ കട്ടവരെ പിടിക്കാതെ ഇതു സംബന്ധിച്ച രേഖകൾ വിവരവകാശ നിയമപ്രകാരം നൽകിയ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിച്ചത് ഇതിന് ഉദാഹരണമാണെന്നും കെ. ബാബു പറഞ്ഞു.

ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്ന് മുറവിളികൂട്ടുന്ന മുഖ്യമന്ത്രിയ്ക്കും കൂട്ടർക്കും ഇക്കാര്യത്തിൽ അത് ബാധകമായില്ല. ഉന്നതരുടെ അറിവോടെ നടന്ന കൊള്ളയ്ക്ക് ഉത്തരവാദികളെ നിയമത്തിൽ കൊണ്ടുവരാൻ പിണറായി സർക്കാരിന് ഈ നട്ടെല്ല് പോരെന്ന് ഇനിയെങ്കിലും മനസിലാക്കണം. സത്യം പുറത്തുവന്നാൽ നാടു ഭരിക്കുന്നവർ കാട്ടു കള്ളമാരായി മാറും. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാടുകൾ നിരീക്ഷിക്കുമ്പോൾ 'ഡെന്മാർക്കിൽ എന്തോ ചീഞ്ഞ് നാറുന്നു' എന്ന് തോന്നുന്നത് സ്വാഭാവികമെന്നും അദ്ദേഹം  പരിഹസിച്ചു.

മരംമുറി സംഭവത്തിൽ വിവരാവകാശ നിയമപ്രകാരം വിവരം നൽകിയ ഉദ്യോഗസ്ഥയ്‌ക്കെതരെ നടപടി സ്വീകരിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പൊതുസമൂഹത്തോട് പറയാൻ മുഖ്യമന്ത്രിയും റവന്യു മന്ത്രിയും തയ്യാറാകണം.
റവന്യൂ വകുപ്പിലെ ഇൻഫർമേഷൻ ഓഫീസറായിരുന്ന അണ്ടർ സെക്രട്ടറി വിവരങ്ങൾ നൽകിയത് രാജ്യത്ത് നിലവിലുള്ള നിയമ പ്രകാരം പൊതുജനങ്ങൾ അറിയേണ്ട കാര്യമാണ്. മരം മുറി ഫയൽ  സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന കാര്യമാണെങ്കിൽ സർക്കാർ അത് പറയണം.  

ജോലിയിൽ  മികവുപുലർത്തിയതിന് ഗുഡ് സർവീസ് എൻട്രി നേടിയ ഉദ്യോഗസ്ഥയെ ബലിയാടാക്കിയ നടപടി സെക്രട്ടേറിയറ്റിലെ ഇടതുപക്ഷ സംഘടനാ പ്രവർത്തകരും മൗനം പാലിക്കുന്നു. കള്ളം കൈയോടെ പിടിച്ചപ്പോൾ മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്ന രീതി മാറ്റണം.  ഉദ്യോഗസ്ഥയ്‌ക്കെതിരെ സ്വീകരിച്ച നടപടികൾ സത്വരമായി പിൻവലിച്ച് അവർക്ക് നിഷേധിച്ച ഗുഡ് സർവ്വീസ് എൻട്രി തിരിച്ച് നൽകണമെന്നും കെ. ബാബു ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios