കശുവണ്ടി കോർപ്പറേഷൻ അഴിമതിയിലെ പ്രോസിക്യൂഷൻ ഉത്തരവിൽ മാപ്പ് ചോദിച്ച് കെ ബിജു ഐഎഎസ്. ഉത്തരവിലെ പരാമർശം അനുചിതമായിപ്പോയെന്നും എല്ലാ പദപ്രയോഗങ്ങളും പിൻവലിക്കുന്നതായും ബിജു അറിയിച്ചു.
കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതിയിലെ വിവാദ പ്രോസിക്യൂഷൻ ഉത്തരവിൽ നിരുപാധികം മാപ്പ് ചോദിച്ച് കെ ബിജു ഐഎഎസ്. പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ പരാമർശം അനുചിതമായിപ്പോയെന്നും എല്ലാ പദപ്രയോഗങ്ങളും പിൻവലിക്കുന്നതായും ബിജു അറിയിച്ചു. ഉത്തരവിലെ പരാമർശങ്ങൾ കോടതിക്കെതിരായതിൽ ഖേദമുണ്ട്. ഉത്തരവിൽ പിഴവ് ബോധ്യപ്പെട്ടതോടെ അത് പിൻവലിക്കുകയും പുതിയ ഉത്തരവിറക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസ് ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. കോടതിയലക്ഷ്യ കേസിന്റെ ഭാഗമായാണ് ഹാജരായത്. ഉദ്യോഗസ്ഥൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും കോടതിയെ അവഹേളിക്കുകയാണ് ഉദ്യോഗസ്ഥൻ ചെയ്തതെന്നും നേരത്തെ സിംഗിൾ ബെഞ്ച് വിമർശിച്ചിരുന്നു. അതേസമയം, മനുഷ്യരായാൽ പിഴവുകൾ പറ്റുമെന്നും ക്യാബിനറ്റ് ചേർന്നാണ് പ്രോസിക്യൂഷൻ അനുമതി നൽകാൻ തീരുമാനിച്ചതെന്നും മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ കൂടി അറിവോടെയാണ് ഉത്തരവ് ഇറക്കിയത്. ഇനിയും ഉത്തരവ് വൈകാൻ പാടില്ലെന്ന് പറഞ്ഞതോടെ പെട്ടെന്ന് നൽകുകയായിരുന്നു. പിഴവ് ബോധ്യപ്പെട്ടുവെന്നും അതുകൊണ്ട് തിരുത്തിയെന്നും അദ്ദേഹം അറിയിച്ചു. പ്രതിയുടെ കൈയിൽ പ്രോസിക്യൂഷൻ ഉത്തരവ് വന്നത് എങ്ങനെയെന്ന് അന്വേഷിക്കും. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചക്കില്ലെന്നും ഷിബു ബേബി ജോൺ അറിയിച്ചു.
