ദില്ലി: ശബരിമലയിൽ  വിശ്വാസികളുടെ താൽപ്പര്യത്തിന് വിരുദ്ധമായി ഒന്നും സംഭവിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നവോത്ഥാന സമിതി തുടരണോയെന്ന കാര്യം സർക്കാർ തീരുമാനിക്കണം. കഴിഞ്ഞ മണ്ഡലകാലം നടന്ന അനിഷ്ട സംഭവങ്ങളുടെ മുഴുവൻ ഉത്തരവാദിത്തവും സർക്കാരിനാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾ പാർലമെന്‍റില്‍ ശക്തമായി ഉന്നയിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. റഫാലിൽ നിയമ പോരാട്ടം തുടരുമെന്നും ജോയിന്‍റ് പാർലമെന്‍ററി കമ്മിറ്റി ഇക്കാര്യം അന്വേഷിക്കണം. കോൺഗ്രസ് പിന്നോട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. 

വിശ്വാസ സംരക്ഷണം സംബന്ധിച്ച ഏഴ് കാര്യങ്ങളിൽ വിശാല ബെ‍ഞ്ചിന്‍റെ തീരുമാനം വന്നിട്ട് മതി ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളിൽ തീര്‍പ്പെന്നാണ് സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്‍റെ ഭൂരിപക്ഷ വിധി.  തുടര്‍ന്ന് നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ലെങ്കിലും അന്തിമ വിധി വന്ന ശേഷം മതി യുവതീപ്രവേശനം എന്ന നിലപാടിലാണ് സര്‍ക്കാരും സിപിഎമ്മും എത്തിയിരിക്കുന്നത്. അതിനിടെ ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്നാണ് സര്‍ക്കാരിന് നിയമോപദേശവും കിട്ടിയിട്ടുണ്ട്. പുനപരിശോധന ഹര്‍ജികളിൽ തീര്‍പ്പ് വൈകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. അന്തിമ വിധി വരുന്നത് വരെ മുൻപത്തെ സ്ഥിതി തുടരുന്നതാകും ഉചിതമെന്നാണ് സര്‍ക്കാരിന് കിട്ടിയ നിയമോപദേശം. മുതിര്‍ന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് നിയമോപദേശം നൽകിയത്.