ജനങ്ങളാണ് യഥാർത്ഥ വിഐപികളെന്ന് കരുതിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അനുസ്മരിച്ചു. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ കരുത്തനാണ് മരണപ്പെട്ട ഉമ്മൻ ചാണ്ടിയെന്നും, വിഴിഞ്ഞം പോർട്ടിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടയം: ജനപ്രതിനിധികൾ വിഐപികളെല്ലെന്നും ജനങ്ങളാണ് വിഐപികളെന്നും കരുതിയ ആളാണ് ഉമ്മൻ ചാണ്ടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അദ്ദേഹത്തിന് മുന്നിൽ വരുന്നവർ ആയിരുന്നു വിഐപിമാരെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുപ്രവർത്തന കാലം ഉമ്മൻ ചാണ്ടിക്ക് മുൻപ് ശേഷവും എന്ന് അടയാളപ്പെടുത്തുന്നു. ഉമ്മൻ ചാണ്ടി മരണത്തിന് ശേഷം ഉയർത്തെഴുനേൽക്കുന്നുവെന്നും അതാണ് കല്ലറയിൽ ഇപ്പോഴും കാണുന്ന തിരക്കെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്നിലേക്ക് വരുന്ന ആവലാതി കേട്ടിട്ട് അത് കളയുന്ന ആളായിരുന്നില്ല ഉമ്മൻ ചാണ്ടി. പല വിവാദങ്ങളും ഉമ്മൻ ചാണ്ടിക്കെതിരെ ഉണ്ടായി. സെക്രട്ടറിയേറ്റ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത് ഉമ്മൻ ചാണ്ടിയായിരുന്നു. മന്ത്രിസഭക്ക് ശേഷം മാധ്യമസമ്മേളനങ്ങൾ തുടങ്ങിയത് ഉമ്മൻ ചാണ്ടിയായിരുന്നു. കഴിഞ്ഞ 10 വർഷം ഇതൊന്നും ഉണ്ടായില്ല
യുഡിഫ് സർക്കാർ വന്നു അതെല്ലാം വീണ്ടും തുടങ്ങി. മുഖ്യമന്ത്രി ആയിരുന്നപ്പോൾ കല്ലെറിഞ്ഞു പരിക്കേറ്റിട്ടും പ്രതികൾക്ക് എതിരെ നടപടി എടുക്കരുത് എന്നാണ് പറഞ്ഞത്. ഉമ്മൻ ചാണ്ടിയുടെ കൂടി പേരിലാണ് ജനങ്ങൾ യുഡിഫ് ന് വോട്ട് ചെയ്തതെന്നും ഉമ്മൻ ചാണ്ടി കോൺഗ്രസിന് കേവലം നേതാവ് മാത്രം ആയിരുന്നില്ലെന്നും എല്ലാം എല്ലാം ആയിരുന്നു അദ്ദേഹം വ്യക്തമാക്കി. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ കരുത്തൻ ആണ് മരിച്ച ഉമ്മൻ ചാണ്ടി. വിഴിഞ്ഞം പോർട്ടിനു സർക്കാർ ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം. സർക്കാർ അതിനുള്ള നടപടി എടുക്കണമെന്നും പാർട്ടിയും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. എതിർക്കുന്നവരെ പോലും പ്രതികാരബുദ്ധിയോടെ കാണാത്ത ഉമ്മൻ ചാണ്ടിയുടെ ശൈലി ആണ് യുഡിഫ് വിജയത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
