തോപ്രാംകുടി സർവീസ്‌ സഹകരണ ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്. സഹകരണ വകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ പത്തേമുക്കാൽ കോടി രൂപയുടെ തട്ടിപ്പാണ്‌ കണ്ടെത്തിയത്‌. 13 പേർക്കെതിരെ മുരിക്കാശ്ശേരി പൊലീസ്‌ കേസെടുത്തു

ഇടുക്കി: എൽഡിഎഫ് ഭരിക്കുന്ന ഇടുക്കി തോപ്രാംകുടി സർവീസ്‌ സഹകരണ ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്. സഹകരണ വകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ പത്തേമുക്കാൽ കോടി രൂപയുടെ തട്ടിപ്പാണ്‌ കണ്ടെത്തിയത്‌. ഇടുക്കി ജോയിൻ്റ് രജിസ്‌ട്രാറുടെ പരാതിയിൽ മുൻ പ്രസിഡന്റും സെക്രട്ടറിയും ജീവനക്കാരുമുൾപ്പെടെ 13 പേർക്കെതിരെ മുരിക്കാശ്ശേരി പൊലീസ്‌ കേസെടുത്തു

2020 മുതൽ 2026 ജനുവരി വരെയുള്ള കാലത്താണ് തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നത്. 11 അംഗ ഭരണസമിതിയിൽ ഒൻപത്‌ പേർ സിപിഎമ്മുകാരാണ്. അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിലും വ്യാജപ്പേരിലും വായ്പ അനുവദിച്ചും എസ്എച്ച്ജി, ജെഎൽജി എന്നിവ രൂപീകരിച്ചുമാണ് പണം തട്ടിയെടുത്തിരിക്കുന്നത്. ഒരംഗത്തിന്‌ അൻപതിനായരം രൂപ വീതം നൂറുകണക്കിന്‌ അംഗങ്ങളുടെ പേരിൽ ലക്ഷക്കണക്കിനു രൂപ മാറിയെടുത്തായിരുന്നു തട്ടിപ്പ്‌. സംഭവം പുറത്തായതോടെ 236 വായ്പ അപേക്ഷകൾ ബാങ്കിൽ നിന്നും കാണാതായി. സെക്രട്ടറിയും ഭരണ സമതി അംഗങ്ങളും മൂന്ന് സ്ഥിരം ജീവനക്കാരും ഒൻപത് താൽക്കാലിക ജീവവക്കാരും ചേർന്നാണ് പത്തു കോടിയിലധികം രൂപ തട്ടിയെടുത്തത്. ഇവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സെക്രട്ടറി സുനിതാ കുമാരി മൂന്ന് കോടി പതിനേഴ് ലക്ഷം രൂപയാണ് ബാങ്കിൽ അടക്കേണ്ടത്. മുൻ പ്രസിഡൻ്റ് ഷൈൻ തോമസ് 82 ലക്ഷം രൂപ അടക്കണം. ഇങ്ങനെ പോകുന്നു തട്ടിപ്പിൻ്റെ കണക്കുകൾ.

ക്രമക്കേട്‌ കണ്ടെത്തിയതിനെത്തുടർന്ന്‌ സ്ഥിരം ജീവനക്കാരായ മൂന്നുപേരെ സസ്‌പെൻഡ്‌ ചെയ്‌തു. സെക്രട്ടറിയും ജീവനക്കാരും അഡ്വാൻസായി എടുത്ത വൻതുക തിരിച്ചടച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ബാങ്ക്‌ സെക്രട്ടറിയും ജീവനക്കാരും വായ്‌പ എടുക്കാൻ പാടില്ലെന്നുള്ള നിയമവും കാറ്റിൽ പറത്തി. 20 കോടി രൂപ കേരള ബാങ്കിനും 10 കോടി രൂപ നിക്ഷേപകർക്കും കൊടുക്കാനുണ്ട്‌. എന്നാൽ 13 കോടി രൂപ മാത്രമെ തിരിച്ചുകിട്ടാനുളളൂ. സംഭവത്തിൽ അടുത്ത തലത്തിലുള്ള അന്വേഷണം നടത്താൻ സഹകരണ വകുപ്പും തീരുമാനിച്ചിട്ടുണ്ട്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News