Asianet News MalayalamAsianet News Malayalam

കെ ഫോണിലും ശിവശങ്കറിൻ്റെ ഇടപെടൽ; കരാറുറപ്പിച്ചത് ടെണ്ടറിനേക്കാൾ 49% കൂടിയ തുകയ്ക്ക്

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ബെല്ലിനും റെയിൽടെല്ലിനും ഒപ്പം സ്വകാര്യ സ്ഥാപനമായ എസ്ആർഐടിയും ചേർന്നതാണ് കൺസോർഷ്യം. 7 വർഷത്തെ പ്രവർത്തന ചെലവ് കൂടി കണക്കാക്കിയതാണ് കരാർ തുക ഉയരാൻ കാരണമെന്നു വാദിച്ചാലും ടെൻഡർ വിളിച്ചപ്പോൾ ഇതു കണക്കുകൂട്ടാത്തതിലെ ദുരൂഹത തുടരുന്നു.

k fon sivasankar had pressurized for contract to be signed at higher rate than tender estimate
Author
Trivandrum, First Published Jul 26, 2020, 3:04 PM IST

തിരുവനന്തപുരം: കെ ഫോൺ പദ്ധതിയുടെ കരാർ മന്ത്രിസഭാ തീരുമാനത്തിന് കാത്ത് നിൽക്കാതെ ബെൽ കൺസോർഷ്യത്തിന് നൽകാനും മുൻകൈയ്യെടുത്തത് മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ. ടെൻഡർ വിളിച്ചതിലും 49% കൂടിയ തുകയ്ക്കായിരുന്നു കരാ‍ർ. നടപടിയുമായി മുന്നോട്ട് പോകാൻ കെഎസ്ഐടിഐഎല്ലിന് ശിവശങ്കർ നിർദ്ദേശം നൽകുകയായിരുന്നു.

പാവപ്പെട്ടവർക്ക് സൗജന്യ നിരക്കിൽ ഇൻ്റർനെറ്റ് ലഭ്യമാക്കുമെന്നതടക്കം ഏറെ കൊട്ടിഘോഷിക്കപ്പെട്ട സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതി കെ ഫോൺ പദ്ധതിക്കുള്ള കരാർ കിട്ടിയത് ബെൽ കൺസോർഷ്യത്തിനാണ്. 1028 കോടി രുപയ്ക്കാണ് ടെൻഡർ വിളിച്ചത്. പങ്കെടുത്ത മൂന്ന് കൺസോർഷ്യങ്ങൾ 1548, 1729, 2853 കോടി രൂപ വീതം ക്വോട്ട് ചെയ്തു. ഇതിൽ 1548 കോടി പറഞ്ഞ ബെൽ കൺസോർഷ്യത്തിന് കരാർ നൽകാമെന്നു കാണിച്ച് ഐ ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കർ പദ്ധതിയുടെ നോഡൽ ഏജൻസിയായ KSITIL ന് കുറിപ്പയച്ചു. പദ്ധതി ചെലവ് കണക്കാക്കിയത് 2016ലാണെന്നും കൺസോർഷ്യത്തിലെ കമ്പനികൾ പരിചയസമ്പന്നരാണെന്നും ദീർഘകാലത്തേക്ക് സർക്കാരിന് 89 കോടി ലാഭിക്കാനാകുമെന്നും കുറിപ്പിൽ ശിവശങ്കർ എഴുതി. 

കാലവർഷം വരുന്ന സാഹചര്യത്തിൽ നിശ്ചിത സമയത്ത് പദ്ധതി തീരണമെങ്കിൽ ബെൽ കൺസോഷ്യത്തിന് കരാർ നൽകാനുള്ള നടപടികളുമായി മുന്നോട്ടു പോകണമെന്നും ശിവശങ്കർ നിർദേശിച്ചു. സർക്കാർ അനുമതി പിന്നാലെ വരുമെന്ന ഉറപ്പും നൽകി.

അഞ്ചു മാസത്തിനു ശേഷം മന്ത്രി സഭയുടെ അനുമതിയോടെ കരാർ ബെൽ കൺസോർഷ്യത്തിനു നൽകി ഉത്തരവും ഇറക്കി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ബെല്ലിനും റെയിൽടെല്ലിനും ഒപ്പം സ്വകാര്യ സ്ഥാപനമായ എസ്ആർഐടിയും ചേർന്നതാണ് കൺസോർഷ്യം. 7 വർഷത്തെ പ്രവർത്തന ചെലവ് കൂടി കണക്കാക്കിയതാണ് കരാർ തുക ഉയരാൻ കാരണമെന്നു വാദിച്ചാലും ടെൻഡർ വിളിച്ചപ്പോൾ ഇതു കണക്കുകൂട്ടാത്തതിലെ ദുരൂഹത തുടരുന്നു.

Follow Us:
Download App:
  • android
  • ios