Asianet News MalayalamAsianet News Malayalam

കെ ഫോൺ ഡിസംബറിൽ തന്നെ പൂർത്തിയാകും; സംസ്ഥാനത്തിന് വലിയ നേട്ടമായിരിക്കുമെന്ന് മുഖ്യമന്ത്രി

ലോക്ക് ഡൗൺ കാരണം രണ്ട് മാസം പ്രവർത്തി മുടങ്ങിയിരുന്നു. ഈ വർഷം ഡിസംബറിൽ തന്നെ പദ്ധതി പൂർത്തിയാക്കാമെന്ന് കൺസോർഷ്യം ലീഡറായ ബിഇഎൽ ചെയർമാൻ എംവി ഗൗതം ഉറപ്പ് നൽകി.

k fon will be completed on time says cm pinarayi vijayan
Author
Trivandrum, First Published May 29, 2020, 7:08 PM IST

തിരുവനന്തപുരം: കെ ഫോൺ പദ്ധതി ഡിസംബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സംബന്ധിച്ച് പദ്ധതിയുടെ പൂർത്തീകരണം വലിയ നേട്ടമായിരിക്കുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഇന്റർനെറ്റ് സൗകര്യം നൽകുവാനാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്. ഇതോടൊപ്പം വിദ്യാലയങ്ങളിലും ആശുപത്രികളിലും സർക്കാർ ഓഫീസുകളിലും ഈ നെറ്റ്‌വർക്ക് വഴി കണക്ഷൻ ലഭ്യമാക്കും.

1500 കോടിയാണ് കെ-ഫോൺ പദ്ധതി ചെലവ്. കേന്ദ്രത്തിന്റെ കീഴിലെ രണ്ട് പ്രധാന കമ്പനികൾ ഉൾപ്പെടുന്ന കൺസോർഷ്യം പദ്ധതി നടത്തിപ്പിനായി രൂപീകരിച്ചിട്ടുണ്ട്. ബിഇഎൽ, റെയിൽടെൽ എന്നീ പൊതുമേഖലാ കമ്പനികളും എസ്ആർഐടി, എൽഎസ് കേബിൾസ് എന്നീ പ്രമുഖ സ്വകാര്യ കമ്പനികളും ചേർന്നതാണ് കൺസോർഷ്യം. കൺസോർഷ്യത്തിലുൾപ്പെടുന്ന കമ്പനികളുടെ മേധാവികളുമായി വീഡിയോ കോൺഫറൻസിലൂടെ പുരോഗതി വിലയിരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. 

ലോക്ക് ഡൗൺ കാരണം രണ്ട് മാസം പ്രവർത്തി മുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് യോഗം നടത്തിയത്. ഈ വർഷം ഡിസംബറിൽ തന്നെ പദ്ധതി പൂർത്തിയാക്കാമെന്ന് കൺസോർഷ്യം ലീഡറായ ബിഇഎൽ ചെയർമാൻ എംവി ഗൗതം ഉറപ്പ് നൽകി. കൺസോർഷ്യത്തിലെ മറ്റ് പങ്കാളികളും ഇതിനോട് യോജിച്ചു.

ഇന്റർനെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇതിന്റെ ഭാഗമായാണ് പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് താങ്ങാവുന്ന നിരക്കിലും ഗുണമേന്മയുള്ള ഇന്റർനെറ്റിന് കെ ഫോൺ പദ്ധതി ആവിഷ്കരിച്ചത്.  ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

സംസ്ഥാനം വിഭാവനം ചെയ്യുന്ന വിജ്ഞാന അധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്ക് കെ ഫോൺ ഉത്തേജനമാകുമെന്നാണ് പ്രതീക്ഷ. കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമത്തിന് പദ്ധതി ഊ‌ർജ്ജം നൽകും വളർച്ച നേടാനാവും. കൺസോർഷ്യത്തിന് എല്ലാ പിന്തുണയും നൽകുന്നുണ്ട്. ഐടി വകുപ്പ് പദ്ധതി പുരോഗതി തുടർച്ചയായി വിലയിരുത്തുന്നു. കേരളത്തിന്റെ വികസനത്തിൽ പങ്കാളികളാകുവാനും ഇവിടെ നിക്ഷേപം നടത്താനും കൺസോർഷ്യത്തിലെ അംഗങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യയിലെ എറ്റവും ശക്തമായ ഇൻ്റർനെറ്റ് ശൃംഖലയായിരിക്കും കെ ഫോൺ.

കൊവിഡിന് ശേഷമുള്ള ലോകത്തിൽ ഇന്റർനെറ്റിന്റെ പ്രാധാന്യവും പ്രസക്തിയും വർധിക്കുമെന്ന് അറിയാം, ലോകത്തിന്റെ ചലനം തന്നെ ഇൻ്റർനെറ്റിലായിരിക്കും, വിദ്യാഭ്യാസ മേഖലയിലും ബാങ്കിംഗ് മേഖലയിലും ഇൻ്റ‍ർനെറ്റ് ഉപയോഗം വർധിക്കും. കൊവിഡിന് ശേഷം കേരളത്തെ ലോകത്തെ പ്രധാന വ്യവസായ വിദ്യാഭ്യാസ ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കെ ഫോൺ വലിയ പിന്തുണയായിരിക്കും. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനിയും കെഎസ്ഇബിയും യോജിച്ചാണ് കെ ഫോൺ നടപ്പാക്കുന്നത്. കെഎസ്ഇബി ലൈനിലൂടെ ഒപ്ടിക്കൽ കേബിൾ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

സംസ്ഥാനത്ത് ഉടനീളം ശക്തവും വേഗമേറിയതുമായ ഇൻ്റ‌ർനെറ്റ് സൗകര്യം, 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റ‌ർനെറ്റ് ഇതായിരുന്നു ഒരു വർഷം മുമ്പ് കെ ഫോൺ പദ്ധതി പ്രഖ്യാപിക്കുമ്പോൾ സർക്കാ‌രിൻ്റെ ഉദ്ദേശ്യം. 54,000 കിലോമീറ്റർ ലോകോത്തര നിലവാരത്തിലുള്ള ഒപ്ടിക്കൽ ഫൈബ‌ർ ശൃംഖലയാണ് കെ ഫോൺ യാഥാ‌ർത്ഥ്യമാക്കുക. ഇത് വഴി 10 എംബിപിഎസ് മുതൽ ഒരു ജിബിപിഎസ് വേഗത്തിൽ വരെ ‌വേഗതയിൽ വിവരങ്ങൾ അയക്കുവാൻ സാധിക്കും,. എന്നാൽ കെ ഫോൺ ഇൻ്റ‌ർനെറ്റ് സേവന ദാതാവല്ല, മറ്റ് സേവനദാതാക്കൾക്ക് ഉപയോഗപ്പെടുത്താവുന്ന അടിസ്ഥാന സംവിധാനമാണ്.

കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്രട്കചർ ലിമിറ്റ‍ഡും കെ എസ് ഇബിയും ചേർന്നാണ് പദ്ധതി യാഥാ‌‌ർത്ഥ്യമാക്കുന്നത്,. കെഎസ്ഇബിയുടെ പ്രസരണ ശൃംഖലക്കൊപ്പമാണ് പുതിയ ഫൈബ‌ർ നെറ്റ്‍വ‌ർക്കും സ്ഥാപിക്കുക. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനാണ് പദ്ധതിക്ക് വേണ്ട നി‌ർമ്മാണ പ്രവർത്തനങ്ങൾ നടത്താനുള്ള കരാ‌ർ, കൊച്ചി  378  കെഎസ്ഇബി സബ്സ്റ്റേഷനുകൾ വഴിയായിരിക്കും സേവനദാതാക്കൾക്ക്  കെ ഫോൺ ശൃംഖലയിലേക്ക് പ്രവേശിക്കാനാകുക. താൽപര്യമുള്ള ഏതൊരു സേവനദേതാവിനും പദ്ധതിയിൽ ഭാഗമാകാം. 

Follow Us:
Download App:
  • android
  • ios