സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെഎം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് കെഎം ഷാജഹാന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്
കൊച്ചി: സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെഎം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് കെഎം ഷാജഹാന് ജാമ്യം അനുവദിച്ചത്. അറസ്റ്റിൽ പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. 25000 രൂപയുടെ ബോണ്ട് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയശേഷം തെളിവുകള്‍ നശിപ്പിക്കരുതെന്നും സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ഷാജഹാനെതിരെ കേസെടുത്ത് മൂന്നു മണിക്കൂറിൽ അറസ്റ്റുണ്ടായെന്നും അറസ്റ്റ് ചെയ്യാൻ ചെങ്ങമനാട് സിഐയ്ക്ക് ആരാണ് അധികാരം നൽകിയെന്നും കോടതി ചോദിച്ചു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഉത്തരവ് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. കേസ് എടുത്തശേഷം മൂന്നു മണിക്കൂർ കൊണ്ട് എങ്ങനെ തിരുവനന്തപുരത്തു എത്തി അറസ്റ്റ് ചെയ്തുവെന്നും കോടതി ചോദിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടിൽ ലൈംഗികചുവയുള്ള ഏതെങ്കിലും വാക്ക് ഉണ്ടോയെന്നും കോടതി ചോദിച്ചു.
കേസിന് ആസ്പദമായ വീഡിയോയിൽ കെ ജെ ഷൈനിനോടുള്ള ചോദ്യങ്ങളല്ലെ ഉള്ളതെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. കേസിന് ആസ്പദമായ വീഡിയോയിൽ അശ്ലീലമായ ഉള്ളടക്കം ഉണ്ടോയെന്നും കോടതി ചോദിച്ചു. അതേസമയം, ഷാജഹാൻ കുറ്റങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി ഈ ആവശ്യം തള്ളികൊണ്ട് ജാമ്യം അനുവദിക്കുകയായിരുന്നു. കെഎം ഷാജഹാനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് തിരക്കിട്ട് അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടതി ജാമ്യം അനുവദിച്ചത് പൊലീസിന് വൻ തിരിച്ചടിയാണ്.
സിപിഎം നേതാവ് കെജെ ഷൈനും വൈപ്പിൻ എംഎൽഎയ്ക്കുമെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രതിപക്ഷം എന്ന യൂട്യൂബ് ചാനലിന്‍റെ ഉടമ കെഎം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷൈന്‍റെ പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു ഷാജഹാന്‍റെ വാദം. രണ്ട് ദിവസം മുമ്പ് കെജെ ഷൈനിന്‍റെ പേരെടുത്ത് പറഞ്ഞ് പുതിയൊരു വീഡിയോ ഷാജഹാൻ പുറത്തുവിട്ടിരുന്നു. ഇതിന്‍റെ പേരിൽ ഷൈൻ നൽകിയ പുതിയ പരാതിയിലാണ് അറസ്റ്റ്.


