ശബരിമല തീർത്ഥാടനം പൂർണ്ണമായും ഡിജിറ്റലാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും സന്നിധാനത്തെ 550 മുറികൾ ഓൺലൈൻ വഴി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു
തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഈ വർഷം മുതൽ ശബരിമലയിൽ പൂർണ്ണമായും ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ജയകുമാർ വ്യക്തമാക്കി. സന്നിധാനത്തെ 690 മുറികളിൽ മുൻപ് 190 എണ്ണം മാത്രമാണ് ഓൺലൈൻ വഴി നൽകിയിരുന്നതെങ്കിൽ, ഇനി മുതൽ വിശദമായ കണക്കെടുപ്പിന് ശേഷം 550 മുറികൾ തീർത്ഥാടകർക്കായി ഓൺലൈൻ വഴി ലഭ്യമാക്കും. എല്ലാ മുറികൾക്കും ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കും. ഇതിനായി ഡെപ്പോസിറ്റ് തുക ഒഴിവാക്കിയതായും മുറിവാടക മുൻകൂറായി നൽകി 50 രൂപ സർവീസ് ചാർജ് ഈടാക്കി ബുക്ക് ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ഹൗസ് കീപ്പിംഗ് സംവിധാനമില്ലാത്തതിനാൽ ഈ സീസൺ മുതൽ അത് ഔട്ട്സോഴ്സ് ചെയ്യും. കൂടാതെ ശബരി ഗസ്റ്റ് ഹൗസിൽ നിലവിലുള്ള 56 മുറികൾക്ക് പുറമെ ഹൈപ്പവർ കമ്മിറ്റിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെ 60 മുറികൾ കൂടി പുതുതായി നിർമ്മിക്കും. നവംബർ 1 മുതൽ 90 ദിവസത്തേക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് എ ഐ ക്യാമറകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ കൺട്രോൾ റൂം പ്രവർത്തിക്കുമെന്നും ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കി.
വ്യക്തിഗത സ്പോൺസർഷിപ്പ് സ്വീകരിക്കില്ല
തിരക്ക് നിയന്ത്രിക്കുന്നതിനായി എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്നിധാനത്ത് ക്രൗഡ് കൺട്രോൾ റൂം സ്ഥാപിക്കും. പടിപൂജയ്ക്ക് 2048 വരെ ബുക്കിംഗ് പൂർത്തിയായ സാഹചര്യത്തിൽ, തന്ത്രിയുടെ അനുമതിയോടെ ദിവസം ഒന്നിന് പകരം അഞ്ച് പടിപൂജകൾ വീതം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തീർത്ഥാടന കാലയളവിൽ ക്യൂവിൽ കാത്തുനിൽക്കുന്ന സമയത്തിന്റെ ഗുണനിലവാരം ഉയർത്താനും നടപടിയുണ്ടാകും. തീർത്ഥാടനത്തിനിടെ മരണപ്പെട്ട 54 പേരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം ഇൻഷുറൻസ് സഹായം നൽകും; വെർച്വൽ ക്യൂ ടിക്കറ്റിനൊപ്പം ഈടാക്കുന്ന 5 രൂപ ഫണ്ടിൽ നിന്നാണ് ഈ തുക കണ്ടെത്തുന്നത്. ഈ സീസൺ മുതൽ ഇൻഷുറൻസിനായി എൽഐസിയുമായി ചർച്ചകൾ നടത്തും. കർക്കിടകമാസം കഴിയുന്നതോടെ സന്നിധാനവും പരിസരവും ഡീപ്പ് ക്ലീനിംഗ് നടത്തുന്നതിനായി ക്ലീൻ കേരള കമ്പനിയുമായി കരാറിലേർപ്പെടും. അന്നദാനത്തിന് വ്യക്തിഗത സ്പോൺസർഷിപ്പ് സ്വീകരിക്കില്ലെന്നും മാന്യമായ രീതിയിൽ കേരള സദ്യ നൽകുമെന്നും ജയകുമാർ വ്യക്തമാക്കി.
ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വാസ്തുവിദ്യാ ഗുരുകുലത്തെ കൺസൾട്ടന്റാക്കും. ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ കുറ്റമറ്റതാക്കാൻ ടെക്നിക്കൽ ക്വാളിറ്റി എൻജിനീയറിംഗ് ടീമിനെ നിയോഗിക്കും. സന്നിധാനത്ത് പുതിയ തീർത്ഥക്കുളം നിർമ്മിക്കാനും പദ്ധതിയുണ്ട്. ഊരാളുങ്കൽ സൊസൈറ്റിക്ക് (യുഎൽസിസി) 6 കോടി രൂപ നൽകാനുണ്ടെന്ന അവരുടെ വാദത്തോട് പ്രതികരിച്ച പ്രസിഡന്റ്, ദേവസ്വം ബോർഡ് ഓഡിറ്റർ ഇത് സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കി. ബോർഡ് പണം നൽകാനുണ്ടെന്നത് ശരിയാണെങ്കിലും അത് ബോർഡിന്റെ തുകയിൽ നിന്ന് നേരിട്ടെടുത്ത് വീട്ടാൻ സാധിക്കില്ലെന്നും ആലോചിച്ച് ബാക്കി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 'കാലം ഉണക്കാത്ത മുറിവുണ്ടോ' എന്നായിരുന്നു മറ്റ് വിവാദങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

