വാട്ടര്‍ അതോറിറ്റി വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എങ്കിലും വെള്ളത്തിൻ്റെ നിരക്ക് ഉടന്‍ കൂട്ടാൻ തീരുമില്ല. മന്ത്രിസഭ ചർച്ച ചെയ്ത ശേഷമേ അത്തരമൊരു തീരുമാനമെടുക്കൂ എന്നും മന്ത്രി അറിയിച്ചു.

പാലക്കാട്: സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ചെന്ന പ്രചാരണം തള്ളി ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. മന്ത്രിസഭ ചര്‍ച്ച ചെയ്യാതെ തീരുമാനമുണ്ടാവില്ല. ജല അതോറിറ്റി വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കെ കൃഷ്ണന്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഗാര്‍ഹിക ഉപഭാക്താക്കള്‍ ഉള്‍പ്പടെയുള്ളവരുടെ നിരക്ക് അ‍ഞ്ച് ശതമാനം കൂട്ടിയെന്ന വാര്‍ത്തകള്‍ അവാസ്തവം എന്നാണ് ജലവിഭവ വകുപ്പ് മന്ത്രി വ്യക്തമാക്കുന്നത്. പ്രതിവര്‍ഷം അഞ്ച് ശതമാനം വര്‍ധനവെന്ന ശുപാര്‍ശ അംഗീകരിച്ച് ഏപ്രില്‍ ഒന്ന് മുതല്‍ രഹസ്യമായി വെള്ളക്കരം കൂട്ടിയെന്നായിരുന്നു വാര്‍ത്തകള്‍. നയപരമായ തീരുമാനമായതിനാല്‍ മന്ത്രിസഭയാണ് നിലപാടെടുക്കേണ്ടത്. ഇതുവരെ അതുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജല അതോറിറ്റി വലിയ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സമ്മതിച്ച മന്ത്രി വെള്ളക്കരം കൂട്ടാതെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പ് ശുപാര്‍ശ വന്നെങ്കിലും തീരുമാനം നടപ്പാക്കാതെ നീട്ടിവയ്ക്കുകയായിരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അയ്യായിരം ലിറ്ററിന് ഒരുരൂപ വര്‍ധിപ്പിക്കാനായിരുന്നു നീക്കം. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം തീരുമാനമുണ്ടാകുമെന്നാണ് സൂചനകള്‍.