ആലപ്പുഴ: കെ കെ മഹേശന്‍റെ ആത്മഹത്യയിൽ എസ്എൻഡിപി വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളിയെ മാരാരിക്കുളം പൊലീസ് രണ്ടരമണിക്കൂറിലധികം ചോദ്യം ചെയ്തു. മൈക്രോഫിനാൻസ് കേസുകളിലെ അടക്കം ആരോപണങ്ങൾ മുൻനിർത്തിയായിരുന്ന ചോദ്യം ചെയ്യല്‍. അതേസമയം, എസ്എൻഡിപി യോഗവും എസ്എൻട്രസ്റ്റും സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യത്തിൽ ശ്രീ നാരായണ പ്രസ്ഥാനങ്ങൾ കൊച്ചിയിൽ യോഗം ചേർന്നു.

കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് തുഷാറിനെ മാരാരിക്കുളം പൊലീസ് ചോദ്യം ചെയ്തത്. കത്തുകളിലും ഡയറിക്കുറിപ്പുകളിലും മഹേശന്‍ ഉന്നയിച്ച ആരോപണങ്ങൾ തുഷാറിനോട് പൊലീസ് ചോദിച്ചു. മഹേശനുമായി നല്ല സൗഹൃദമായിരുന്നു. മൈക്രോഫിനാൻസ് കേസുകളിലെ അടക്കം പ്രശ്നങ്ങൾ പരിഹരിക്കാൻ പലപ്പോഴായി താൻ ശ്രമിച്ചു. ചേർത്തല യൂണിയനിൽ തനിക്കൊപ്പം മഹേശനും ഭാരവാഹി ആയിരുന്നു. അന്നുണ്ടായ സാമ്പത്തിക തിരിമറികളിൽ എസ്എൻഡിപി യോഗത്തിന്‍റെ പരിശോധന പൂർത്തിയാകാനുണ്ട്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, സഹായി അശോൻ എന്നിവർക്ക് മഹേശനോട് ശത്രുതയുള്ളതായി അറിയില്ലെന്നും തുഷാർ മൊഴി നൽകി.

കേസുകളിൽ കുടുക്കാൻ ശ്രമിച്ചെന്ന മഹേശന്‍റെ ആരോപണത്തിൽ ഇനിയും പലരെയും ചോദ്യം ചെയ്യാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യാപ്രേരണയ്ക്ക് കേസ് എടുക്കാൻ കൂടുതൽ തെളിവുകൾ വേണം. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് അടുത്ത ദിവസം മാരാരിക്കുളം സിഐ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറും. അതിനിടെ, വെള്ളാപ്പള്ളി നടേശനെ നവോത്ഥാന സമിതി ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ശ്രീനാരായണ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. സമിതി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന്  അഡ്വ സി.കെ വിദ്യാസാഗര്‍ രാജിവെച്ചു.

അതേസമയം, കെ കെ മഹേശന്‍റെ ആത്മഹത്യാകേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറണമെന്ന ആവശ്യത്തിൽ അദ്ദേഹത്തിന്‍റെ കുടുംബം മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കാണാൻ ശ്രമം തുടങ്ങി.