Asianet News MalayalamAsianet News Malayalam

ആശയക്കുഴപ്പമുണ്ട്; കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗ്ഗീസിന്‍റെ നിയമനത്തിൽ പുതിയ നിലപാടുമായി വിസി

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ മലയാളം അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്ക് ഇന്റർവ്യൂ നടന്നത് കഴിഞ്ഞ പതിനെട്ടാം തീയതിയാണ്. കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് ഈ യോഗ്യതയില്ലെന്നും ഇന്റർവ്യൂവിൽ അവരെ പങ്കെടുപ്പിക്കരുത് എന്നും കാട്ടി സെനറ്റ് അംഗം ഡോ ആർ കെ ബിജു നേരത്തെ വിസിക്ക് പരാതി നൽകിയിരുന്നു

k k ragesh wife appointment controversy kannur university now admits confusion
Author
Kannur, First Published Nov 24, 2021, 1:03 PM IST

കണ്ണൂർ: അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ഇന്റർവ്യൂവിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന്റെ യോഗ്യത സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്ന് സമ്മതിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി.

ഒരാൾക്ക് അവസരം നഷ്ടമാകരുത് എന്ന് കരുതി സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് പ്രിയയെ ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചതെന്നും നിയമ ഉപദേശം നേടിയ ശേഷമേ നിയമനത്തിൽ തീരുമാമെടുക്കൂ എന്നും വിസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യോഗ്യതയില്ലെന്നറിഞ്ഞിട്ടും ഇന്റർവ്യൂവിൽ പ്രിയയെ പങ്കെടുപ്പിച്ചത് വഴിവിട്ട നിയമനത്തിനായാണെന്ന് സേവ് യൂണിവേഴ്സിറ്റി ആരോപിക്കുന്നത്

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ മലയാളം അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്ക് ഇന്റർവ്യൂ നടന്നത് കഴിഞ്ഞ പതിനെട്ടാം തീയതിയാണ്. അസിസ്റ്റന്റ് പ്രഫസറായി എട്ടുവർഷത്തെ അധ്യാപന പരിചയയമായിരുന്നു യോഗ്യത. കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് ഈ യോഗ്യതയില്ലെന്നും ഇന്റർവ്യൂവിൽ അവരെ പങ്കെടുപ്പിക്കരുത് എന്നും കാട്ടി സെനറ്റ് അംഗം ഡോ ആർ കെ ബിജു നേരത്തെ വിസിക്ക് പരാതി നൽകിയിരുന്നു.  ഫാക്കൽട്ടി ഡെവലപ്മെന്റ് പ്രോഗ്രാം വഴി ഗവേഷണം ചെയ്യാൻ അവധിയിൽ പോയ കാലയളവും പ്രിയ അധ്യാപന പരിചയമായി ചേർത്തിട്ടുണ്ടെന്നും യുജിസി ചട്ടപ്രകാരം ഇത് തെറ്റാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. 

പരാതി തള്ളിയ വിസി മതിയായ യോഗ്യതയുണ്ടെന്ന് വ്യക്തമാക്കിയാണ് പ്രിയയെ ഇന്‍റർവ്യൂവിൽ പങ്കെടുപ്പിച്ചത്. ഇന്റ‍ർവ്യൂവിൽ പ്രിയയ്ക്ക് തന്നെ ഒന്നാം റാങ്കും നൽകിയെന്നാണ് ലഭിക്കുന്ന വിവരം. ഇന്‍റ‍ർവ്യൂ കഴിഞ്ഞതും വിസി മലക്കം മറിഞ്ഞു.

ഇനി പ്രിയ വർഗ്ഗീസിന് അനുകൂലമായി നിയമ ഉപദേശം എഴുതി വാങ്ങി നിയമനം നടത്താനാണ് യൂണിവേഴ്സിറ്റി നീക്കമെന്നാണ് ആക്ഷേപം. ഇങ്ങനെ അനധികൃത നിയമനത്തിനടക്കം കുടപിടിക്കുന്നത് കൊണ്ടാണ് ഡോ ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നാല് കൊല്ലത്തേക്ക് കൂടി വിസി സ്ഥാനത്ത് നിയമിച്ചതെന്നും സേവ് യൂണിവേഴ്സിറ്റി ആരോപിക്കുന്നു. താൻ ഇടതുപക്ഷക്കാരനാണെങ്കിലും നിയമം വിട്ട് ഒന്നും ഇതുവരെ ചെയ്തിട്ടില്ലെന്നാണ് വിസിയുടെ പ്രതിരോധം.

Follow Us:
Download App:
  • android
  • ios