Asianet News MalayalamAsianet News Malayalam

'ലിനി മാതൃകയും ആവേശവും'; ഹൃദയം തൊടുന്ന കുറിപ്പുമായി കെ കെ ശെെലജ

നിപയെ കേരളജനത ഒന്നായി എതിരിട്ട തോല്‍പ്പിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ സിസ്റ്റര്‍ ലിനി വിട്ടുപിരിഞ്ഞിട്ടും അതേ കാലയളവാകുകയാണ്. ഇപ്പോള്‍ ഭയപ്പെടുത്തിയ ആ നിപ കാലത്തെയും നിസ്വാര്‍ത്ഥമായ ആതുര സേവനത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന സിസ്റ്റര്‍ ലിനിയെയും ഓര്‍ത്തെടുക്കുകയാണ് ആരോഗ്യ മന്ത്രി കെ കെ ശെെലജ

K K Shailaja fb post about sister lini and nippah
Author
Thiruvananthapuram, First Published May 21, 2019, 11:04 AM IST

തിരുവനന്തപുരം: നൊമ്പരത്തോടെയും എന്നാല്‍ അതിലേറെ സ്നേഹത്തോടെയും മലയാളികള്‍ ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനിയുടേത്. നിപ എന്ന മഹാവിപത്ത് കേരളജനതയെ ഞെട്ടിച്ചപ്പോള്‍ മരണം പോലും വകവെയ്ക്കാതെ സിസ്റ്റര്‍ ലിനി ചെയ്ത സേവനങ്ങള്‍ മറക്കാന്‍ ആര്‍ക്കുമാവില്ല. ഒടുവില്‍ മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് ലിനി കുറിച്ചിട്ട വരികള്‍ ഏറെ ഹൃദയവേദനയോടെയാണ് മലയാളികള്‍ വായിച്ചത്.

നിപയെ കേരളജനത ഒന്നായി എതിരിട്ട തോല്‍പ്പിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ സിസ്റ്റര്‍ ലിനി വിട്ടുപിരിഞ്ഞിട്ടും അതേ കാലയളവാകുകയാണ്. ഇപ്പോള്‍ ഭയപ്പെടുത്തിയ ആ നിപ കാലത്തെയും നിസ്വാര്‍ത്ഥമായ ആതുര സേവനത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന സിസ്റ്റര്‍ ലിനിയെയും ഓര്‍ത്തെടുക്കുകയാണ് ആരോഗ്യ മന്ത്രി കെ കെ ശെെലജ.

മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ ജീവനെപ്പോലെ സ്‌നേഹിക്കുന്ന ഭര്‍ത്താവ് സജീഷിനേയും കുഞ്ഞുമക്കളേയും ഒരുനോക്ക് കാണാന്‍ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മില്‍ കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങള്‍ ഓരോ മലയാളിയുടേയും മനസില്‍ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളായി നില്‍ക്കുകയാണെന്ന് ആരോഗ്യ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരും ഡോക്ടര്‍മാരും മറ്റുപ്രവര്‍ത്തകരും എല്ലാമടങ്ങിയ ആരോഗ്യ സംവിധാനത്തിലെ മുഴുവന്‍ ആളുകള്‍ക്കും ലിനി ഒരു മാതൃകയും ആവേശവുമാണെന്നും കെ കെ ശെെലജ കുറിച്ചു.

കെ കെ ശെെലജയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സിസ്റ്റര്‍ ലിനി നമ്മെ വിട്ടുപിരിഞ്ഞിട് ഒരു വര്‍ഷം തികയുകയാണ്. നിസ്വാര്‍ത്ഥമായ ആതുര സേവനത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന ഈ പെണ്‍കുട്ടി മലയാളികളുടെ മനസില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല. സമൂഹമാകെ ഭയപ്പെട്ടുപോയ അവസരമായിരുന്നു കേരളത്തില്‍ നിപ വൈറസ്ബാധ സ്ഥിരീകരിച്ച ദിവസങ്ങള്‍. കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമത്തില്‍ സൂപ്പിക്കട എന്ന ഉള്‍പ്രദേശത്തുള്ള ഒരു കുടുംബത്തിലെ അംഗങ്ങളേയാണ് നിപ വൈറസ് ബാധിച്ചത്. വൈറസ് ബാധയേറ്റ നാലുപേരും മരണത്തിന് കീഴടങ്ങുകയുണ്ടായി. സാബിത്തിന്റെ മരണത്തിന് ശേഷമാണ് രോഗബാധ നിപ കാരണമാണെന്ന് കണ്ടെത്തുന്നത്. കോഴിക്കോട് ബേബി മെമ്മേറിയല്‍ ആശുപത്രിയില്‍ നിന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന് അയച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് നിപയുടെ സാന്നിധ്യം അറിഞ്ഞത്. 2018 മേയ് 19ന് തന്നെ നിപ വൈറസിന്റെ സാന്നിധ്യത്തെക്കുറിച്ച് ധാരണയായിരുന്നു. എന്നാല്‍ പൂന വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശോധന കൂടി സ്ഥിരീകരിച്ചിട്ട് മാത്രമേ ഇക്കാര്യം പ്രഖ്യാപിക്കാന്‍ കഴിയുമായിരുന്നുള്ളൂ. മേയ് 20-ാം തീയതി പൂനയില്‍ നിന്നുള്ള റിസള്‍ട്ടും വന്നു. നിപയുടെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ടായിരുന്നു അത്.

19-ാം തീയതി മുതല്‍ തന്നെ ആരോഗ്യ വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ള വ്യത്യസ്ഥ വകുപ്പുകളിലേയും ബഹു. മന്ത്രി ടി.പി. രാമകൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ആദ്യത്തെ ഘട്ടത്തില്‍ വൈറസ് ബാധിതരായ 18 പേര്‍ക്ക് പുറമേ കൂടുതല്‍ പേരിലേക്ക് രോഗപ്പകര്‍ച്ച ഉണ്ടാകുന്നത് തടയാന്‍ കഴിഞ്ഞു. മരണ നിരക്ക് വളരെ കൂടിയ വൈറസ് ആയതിനാല്‍ രോഗം പിടിപെട്ട 18 പേരില്‍ 16 പേരും മരണത്തിന് കീഴടങ്ങുകയാണുണ്ടായത്. അജന്യ, ഉബീഷ് എന്നിവര്‍ മരണത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത് വലിയ ആശ്വാസമായി. ഇതിനിടയില്‍ മേയ് 21-ാം തീയതി നിപ ബാധിതരെ തുടക്കത്തില്‍ ശുശ്രൂക്ഷിച്ച പേരമ്പ്ര താലൂക്ക് ആശുപത്രിയിലെ ലിനി രോഗബാധമൂലം മരണപ്പെടാന്‍ ഇടയായത് എല്ലാവരേയും കടുത്ത ദു:ഖത്തിലാഴ്ത്തി. വളരെ ധീരമായ സമീപനമാണ് മരണത്തിന് മുമ്പിലും ലിനി സ്വീകരിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ ജീവനെപ്പോലെ സ്‌നേഹിക്കുന്ന ഭര്‍ത്താവ് സജീഷിനേയും കുഞ്ഞുമക്കളേയും ഒരുനോക്ക് കാണാന്‍ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മില്‍ കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങള്‍ ഓരോ മലയാളിയുടേയും മനസില്‍ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളായി നില്‍ക്കുകയാണ്. ലിനിയോടുള്ള വാക്ക് പാലിച്ച് മക്കള്‍ക്ക് ഒരു കുറവും വരാതെ സംരക്ഷിക്കാനുള്ള ജാഗ്രതയിലാണ് സജീഷ്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരും ഡോക്ടര്‍മാരും മറ്റുപ്രവര്‍ത്തകരും എല്ലാമടങ്ങിയ ആരോഗ്യ സംവിധാനത്തിലെ മുഴുവന്‍ ആളുകള്‍ക്കും ലിനി ഒരു മാതൃകയും ആവേശവുമാണ്.

നിപ വന്നയിടത്ത് വീണ്ടും വരില്ലെന്ന് ഉറപ്പു പറയാന്‍ കഴിയില്ലെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ നിഗമനം. ഡിസംബര്‍ മുതല്‍ ജനുവരി വരെയുള്ള വവ്വാലുകളുടെ പ്രജനന കാലത്താണ് നിപ ബാധയുണ്ടാകാന്‍ സാധ്യതയുള്ളത്. ഇത്തവണ ആരോഗ്യ വകുപ്പ് നേരത്തെതന്നെ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കുകയും നേരിയ രോഗലക്ഷണങ്ങളെങ്കിലും ഉണ്ടാകുമ്പോള്‍ രോഗിയെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത്. ജനങ്ങളുടെയിടയില്‍ നല്ല ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും നടത്തുകയുണ്ടായി. തുടര്‍ന്നും നാം നല്ല ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കൂട്ടായി പരിശ്രമിച്ചാല്‍ നിപ മാത്രമല്ല ഡെങ്കിപ്പനി, എച്ച്1 എന്‍1, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ എല്ലാ പകര്‍ച്ച വ്യാധികള്‍ക്കുമെതിരെ സംഘടിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കാനാകും. നാട് ഒരുമിച്ചു നിന്നാല്‍ ശുചിത്വവും രോഗ പ്രതിരോധവും സൃഷ്ടിക്കാന്‍ നമുക്ക് കഴിയും. ലിനിയുടെ വേര്‍പാടിന് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ കൈകോര്‍ക്കാമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

 

Follow Us:
Download App:
  • android
  • ios