Asianet News MalayalamAsianet News Malayalam

തദ്ദേശ തെരഞ്ഞെടുപ്പ്: 'ഷേക്ക് ഹാന്‍ഡ് ഒഴിവാക്കണം, മാസ്‌ക് താഴ്ത്തരുത്', ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി

വായുസഞ്ചാരം കുറഞ്ഞ അടച്ചിട്ട ഇടങ്ങള്‍, ആള്‍ക്കൂട്ടം, മുഖാമുഖം സമ്പര്‍ക്കമുണ്ടാകുന്ന അവസരം എന്നീ മൂന്ന് സാഹചര്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം നടക്കുന്നത്. ആരില്‍ നിന്നും കൊവിഡ് പകരുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്.

K K Shailaja gave instruction on coming election
Author
Trivandrum, First Published Nov 12, 2020, 5:48 PM IST

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും ഏറെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ആകെ കൊവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം കഴിഞ്ഞിരിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യയുണ്ട്. കൊവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പാണിത്. 

വായുസഞ്ചാരം കുറഞ്ഞ അടച്ചിട്ട ഇടങ്ങള്‍, ആള്‍ക്കൂട്ടം, മുഖാമുഖം സമ്പര്‍ക്കമുണ്ടാകുന്ന അവസരം എന്നീ മൂന്ന് സാഹചര്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം നടക്കുന്നത്. ആരില്‍ നിന്നും കൊവിഡ് പകരുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്. അതിനാല്‍ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണം. കൊവിഡ് വന്നുപോകട്ടെയെന്ന് ആരും ചിന്തിക്കരുത്. കൊവിഡ് രോഗമുക്തിയ്ക്ക് ശേഷമുണ്ടാകുന്ന പ്രശ്‌നങ്ങളായ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം വലിയ ആരോഗ്യ പ്രശ്‌നമായി മാറുകയാണ്. കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും വേണം. എല്ലാവരും സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും നോക്കണം. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ഭവന സന്ദര്‍ശനത്തിനുള്ള ടീമില്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ പരമാവധി 5 പേര്‍ മാത്രമേ പാടുള്ളൂ.

2. വീടിനകത്തേക്ക് പ്രവേശിക്കാതെ പുറത്തുനിന്നുകൊണ്ടുതന്നെ വോട്ടഭ്യര്‍ത്ഥിക്കണം. അവര്‍ 2 മീറ്റര്‍ അകലം പാലിക്കണം.

3. വീട്ടിലുള്ളവരും സ്ഥാനാര്‍ത്ഥിയും ടീമംഗങ്ങളും നിര്‍ബന്ധമായും മൂക്കും വായും മൂടത്തക്കവിധം ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും ശാരീരിക     അകലം പാലിക്കുകയും വേണം.

4. സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും മാസ്‌ക് താഴ്ത്തരുത്. സാനിറ്റൈസര്‍ കയ്യില്‍ കരുതി ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കണം

5. വീട്ടുകാര്‍ക്കോ മറ്റുള്ളവര്‍ക്കോ ഷേക്ക് ഹാന്‍ഡ് നല്‍കരുത്.

6. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിതരണം ചെയ്യുന്ന നോട്ടീസുകളും ലഘുലേഖകളും പരിമിതപ്പെടുത്തി സോഷ്യല്‍ മീഡിയ പരമാവധി   പ്രയോജനപ്പെടുത്തണം.

7. നോട്ടിസുകളോ മറ്റോ വാങ്ങിയാല്‍ അതിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകേണ്ടതാണ്.

8. വയോജനങ്ങള്‍, കുട്ടികള്‍, ഗുരുതര രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം.

9. കുട്ടികളെ ഒരു കാരണവശാലും എടുക്കരുത്.

10. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ ഒരു കാരണവശാലും പ്രചാരണത്തിനിറങ്ങരുത്.

11. ഈ രോഗലക്ഷണങ്ങളുള്ള വീട്ടുകാരും സന്ദര്‍ശനത്തിനെത്തുന്നവരെ കാണരുത്.

12. പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ കൊവിഡ് നിയന്ത്രണങ്ങള്‍ (സോപ്പ്/സാനിറ്റൈസര്‍ , മാസ്‌ക് , സാമൂഹ്യ അകലം) പാലിച്ചു മാത്രമേ        നടത്താന്‍ പാടുള്ളൂ.

13. വോട്ടര്‍മാര്‍ സാനിറ്റൈസര്‍, മാസ്‌ക് എന്നിവ ഉപയോഗിക്കണമെന്നും രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കണമെന്നുമുള്ള സന്ദേശം കൂടി സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണം.

14. സ്ഥാനാര്‍ത്ഥിക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവയോ മറ്റോ നല്‍കിക്കൊണ്ടുള്ള സ്വീകരണ പരിപാടി പാടില്ല.

15. ഏതെങ്കിലും സ്ഥാനാര്‍ത്ഥി കൊവിഡ് പോസിറ്റീവ് ആകുകയോ ക്വാറന്‍റീനില്‍ പ്രവേശിക്കുകയോ ചെയ്യുന്നപക്ഷം ഉടന്‍തന്നെ പ്രചാരണരംഗത്തുനിന്ന് മാറിനില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. പരിശോധനാഫലം നെഗറ്റീവായതിനുശേഷം ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശാനുസരണം മാത്രമേ തുടര്‍പ്രവര്‍ത്തനം നടത്താന്‍ പാടുള്ളൂ.

16. കൊവിഡ് പോസിറ്റീവായ രോഗികളുടെയോ ക്വാറന്റീനിലുള്ളവരുടെയോ വീടുകളില്‍ സ്ഥാനാര്‍ത്ഥി നേരിട്ടുപോകാതെ ഫോണ്‍ വഴിയോ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയോ വോട്ടഭ്യര്‍ത്ഥിക്കുന്നതാണ് ഉചിതം.

17. പ്രചാരണശേഷം സ്വന്തം വീടുകളില്‍ മടങ്ങിയെത്തിയാലുടന്‍ സ്ഥാനാര്‍ത്ഥിയും ടീമംഗങ്ങളും ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ സോപ്പുവെള്ളത്തില്‍ കുതിര്‍ത്തുവെച്ച്, സോപ്പുപയോഗിച്ച് വൃത്തിയായി കുളിച്ചശേഷമേ മറ്റുള്ളവരുമായി ഇടപഴകാന്‍ പാടുള്ളൂ.

Follow Us:
Download App:
  • android
  • ios