കൊച്ചി:  കൊച്ചി മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടന ദിവസം മനോഹരമാക്കി ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ മെട്രോ യാത്ര. നഴ്സുമാര്‍ക്കൊപ്പം സെല്‍ഫിയെടുത്തും ചിരിച്ചുല്ലസിച്ചുമാണ് ആരോഗ്യ മന്ത്രി മെട്രോ യാത്ര അവിസ്മരണീയമാക്കിയത്.

ഇതിന്‍റെ ചിത്രങ്ങള്‍ കെ കെ ശൈലജ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കൊച്ചി മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്ന് നിര്‍വ്വഹിച്ചത്. മഹാരാജാസ് ഗ്രൗണ്ട് മുതൽ തൈക്കൂടം വരെ 5.5 കിലോമീറ്റർ ആണ് പാതയുടെ നീളം. പുതിയ പാത ഉൾപ്പടെ കൊച്ചി മെട്രോയുടെ ആകെ ദൂരം 23.81 കിലോമീറ്ററാകും.

മഹാരാജാസ് -തൈക്കൂടം പാതയിൽ അഞ്ച് സ്റ്റേഷനുകളാണുള്ളത്. ഇതോടെ, ആകെ സ്റ്റേഷനുകളുടെ എണ്ണം 21 ആകും. അതേസമയം, നാളെ മുതൽ മാത്രമേ ഈ റൂട്ട് വഴി മെട്രോ സർവീസുകൾ നടത്തുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കുന്നതിനായി വിവിധ ആനൂകൂല്യങ്ങളും മെട്രോ പ്രഖ്യാപിച്ചിട്ടുണ്ട്.