കൊല്ലം: അശാസ്ത്രീയമായത് ചെയ്യാന്‍ പ്രേരിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഹോമിയോ മരുന്നിന് അനുകൂലമായ പ്രസ്‍താവന വിവാദമായതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.  പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന  മരുന്നുകള്‍ ഹോമിയോ ആയുർവേദത്തില്‍ ഉണ്ടെന്നാണ് അവര്‍ പറഞ്ഞത്. പ്രതിരോധ ശേഷി കൂട്ടുന്ന മരുന്നുണ്ടെങ്കില്‍ അത് നല്‍കിക്കൊള്ളാനാണ് പറഞ്ഞത്, അല്ലാതെ കൊവിഡ് ചികിത്സിക്കാനല്ല. 

ഹോമിയോ വിഭാഗത്തിന്‍റെ പഠനം ശരിയോ തെറ്റോ എന്നു പറയാൻ താൻ ആളല്ല. എന്നാല്‍ പരീക്ഷിച്ച് തെളിയിച്ച് കഴിഞ്ഞാൽ മാത്രമേ മരുന്നുകൾ ഫലപ്രദം എന്നു പറയാൻ കഴിയു. കൊവിഡ് ചികിത്സയ്ക്ക് ആശ്രയിച്ചത് അലോപ്പതി മേഖലയെ തന്നെയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആരോഗ്യ വിഭാഗങ്ങൾ തമ്മിൽ തല്ലരുത്. സംയുക്ത ചികിത്സ നടത്തേണ്ട സമയമാണിപ്പോള്‍. കൊവിഡ് വലിയ തോതിൽ പടരാൻ സാധ്യത ഉള്ള നാളുകൾ ആണ് ഇനിയുള്ളത്. അലോപ്പതി വിഭാഗത്തിന്‍റെയും ആയുഷ് വകുപ്പിന്‍റെയും കാര്യങ്ങൾ നോക്കാൻ തനിക്ക് ഉത്തരവാദിത്തം ഉണ്ടെന്നും മന്ത്രി പറഞ്ഞു. 
 
ഡോ.ബിജുവിന്‍റെ പഠനത്തെ അധികരിച്ച് കൊണ്ട് ആരോഗ്യ മന്ത്രി നടത്തിയ ഹോമിയോ അനുകൂല പ്രസ്‍താവനയ്ക്ക് എതിരെ ഐഎംഎ രൂക്ഷ വിമര്‍ശം നടത്തിയിരുന്നു. ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചവരില്‍ കുറച്ച് പേര്‍ മാത്രമേ വൈറസ് ബാധിതരായിട്ടുള്ളു എന്നും കൂടാതെ രോഗബാധിതരായവര്‍ക്ക് രോഗം വളരെ വേഗം ഭേദപ്പെട്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്‍താവന. 

എന്നാല്‍ ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്ളതിനാല്‍ സംസ്ഥാനത്ത് ഹോമിയോ മരുന്ന് കൊവിഡ് പ്രതിരോധത്തന് ഉപയോഗിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിക്കെതിരെ ഐഎംഎ രൂക്ഷ വിമര്‍ശനം നടത്തിയത്. മന്ത്രി അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യപ്രവര്‍ത്തകരെ അവഹേളിക്കരുതെന്നും ആയിരുന്നു ഐഎംഎ ആവശ്യപ്പെട്ടത്.