Asianet News MalayalamAsianet News Malayalam

'കൃത്രിമ കാലുമായി പ്രളയത്തെ അതിശയിപ്പിച്ച ശ്യാം'; ചികിത്സാ ചിലവ് ഏറ്റെടുത്ത് കെകെ ശൈലജയുടെ കാരുണ്യസ്പര്‍ശം

"ശ്യാംകുമാർ എന്നെ എന്നും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരനാണ്. ഇത്രയും പോസിറ്റീവ് ആയ ഒരു രോഗിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. മറ്റു രോഗികളോട് ഇടപഴകും പോലെയല്ല ശ്യാംകുമാറിനോട് സംസാരിക്കുമ്പോൾ, ആ ചെറുപ്പക്കാരന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മറ്റുള്ളവർക്ക് മാതൃകയാണ്. ശരിക്കും ഒരു ഡോക്ടറെന്ന നിലയിൽ എനിക്ക് അഭിമാനമുണ്ട്"

K K Shailaja Teacher facebook post on syamkumar viral boy
Author
Thiruvananthapuram, First Published Aug 16, 2019, 10:22 PM IST

തിരുവനന്തപുരം: പേമാരിയുടെ ദുരിതപ്പെയ്ത്തിനിടയിലും സാന്ത്വനത്തിന്‍റെയും പരസ്പര സ്നേഹത്തിന്‍റെയും മഹനീയ മാതൃകകളാണ് എങ്ങും ദൃശ്യമാകുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം കൃത്രിമ കാലുപയോഗിച്ച് തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങൾ കയറ്റി അയക്കുന്ന ശ്യാംകുമാറെന്ന വിദ്യാർഥിയുടെ ചിത്രമായിരുന്നു.

സോഷ്യല്‍ മീഡിയയിലും പുറത്തും ശ്യാമിന് അഭിനന്ദപ്രവാഹമായിരുന്നു. ഇപ്പോഴിതാ അതിശയിപ്പിക്കുന്ന ശ്യാമിനെത്തേടി ആരോഗ്യമന്ത്രിയുടെ കാരുണ്യസ്പര്‍ശം. ശ്യാമിന്‍റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി, ശ്യാമിനെക്കുറിച്ചുള്ള ഡോക്ടറുടെ വാക്കുകളും ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

ശൈലജയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍

കൃത്രിമ കാലുപയോഗിച്ച് തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങൾ കയറ്റി അയക്കുന്ന ശ്യാംകുമാറെന്ന എം.ജി കോളേജ് വിദ്യാർഥിയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിയാൻ സാധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിഡ്നി സംബന്ധമായ ഗുരുതര രോഗത്തിന് ചികിത്സ തേടുന്ന ആ ചെറുപ്പകാരനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി അപ്പോൾ തന്നെ ശ്യാമിനെ ചികിത്സിക്കുന്ന ഡോക്ടറുമായി ബന്ധപ്പെടുകയും ചികിത്സാകാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

എന്നെ ഏറ്റവും കൂടുതൽ അമ്പരപ്പിച്ചത് ശ്യാംകുമാറിനെ ചികിത്സിക്കുന്ന ഡോക്ടറുടെ വാക്കുകളായിരുന്നു. ഡോക്ടറുടെ വാക്കുകൾ ഇങ്ങനെ

"ശ്യാംകുമാർ എന്നെ എന്നും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരനാണ്. ഇത്രയും പോസിറ്റീവ് ആയ ഒരു രോഗിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. മറ്റു രോഗികളോട് ഇടപഴകും പോലെയല്ല ശ്യാംകുമാറിനോട് സംസാരിക്കുമ്പോൾ, ആ ചെറുപ്പക്കാരന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മറ്റുള്ളവർക്ക് മാതൃകയാണ്. ശരിക്കും ഒരു ഡോക്ടറെന്ന നിലയിൽ എനിക്ക് അഭിമാനമുണ്ട്".

വളരെയധികം ആവേശത്തോടു കൂടിയാണ് ഡോക്ടർ ശ്യാമിനെ കുറിച്ച് പറഞ്ഞു നിർത്തിയത്. ഈ ശാരീരിക ക്ലേശങ്ങൾക്കിടയിലും ശ്യാം സൈക്ലിംഗ് നടത്തുമെന്നതും എന്നെ ഏറെ വിസ്മയിപ്പിച്ചു. തികഞ്ഞ ഇച്ഛാശക്തിയാണ് ശ്യാമിന്റെ പ്രത്യേകത. അത് തന്നെയാണ് ഈ ചെറുപ്പക്കാരന്റെ കരുത്തും എന്ന് മനസിലാക്കാൻ സാധിച്ചു.

രോഗവിവരങ്ങളെക്കുറിച്ച് ഏറെനേരം ഡോക്ടറുമായി സംസാരിച്ചു. ശ്യാമിന്റെ എല്ലാ ചികിത്സയും സൗജന്യമായി നൽകുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ചികിത്സാചെലവ് സർക്കാർ വഹിക്കുകയും അതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ശ്യാമിന്റെ രോഗം എത്രയും പെട്ടെന്ന് ഭേദമാവട്ടെയെന്നും, ഇനിയും കൂടുതൽ സാമൂഹ്യപ്രവർത്തനങ്ങളിൽ വ്യാപൃതനാവാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ആശംസിക്കുന്നു.

 

കൃത്രിമ കാലുമായി നടത്തം, 14 ശസ്ത്രക്രിയകൾ നടന്ന ശരീരം; എന്നിട്ടും ശ്യാം ഓടുകയാണ് പ്രളയബാധിതര്‍ക്ക് കൈത്താങ്ങാവാന്‍

Follow Us:
Download App:
  • android
  • ios