തിരുവനന്തപുരം: കൊവിഡിന് 19 നെതിരായ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളേക്കുറിച്ച് അന്തര്‍ദേശീയ മാധ്യമം ബിബിസിയിൽ തൽസമയം വിശദീകരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രതിരോധപ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ചര്‍ച്ചയായ പരിപാടിയില്‍ ആർദ്രം പദ്ധതിയെ കുറിച്ചും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. ബിബിസി വേള്‍ഡ് ന്യൂസ് വിഭാഗത്തിലാണ് കൊവിഡ് പ്രതിരോധത്തിലെ കേരള മോഡല്‍ ചര്‍ച്ചയായത്. 

തൽസമയ ചർച്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. വൈറസ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ തന്നെ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വിവിധയിടങ്ങളില്‍ നിന്നും എത്തിയവരെ പരിശോധിച്ചതിനൊപ്പം രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഐസലേറ്റ് ചെയ്തു. രോഗികള്‍ക്കുമേല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തി തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കെകെ ശൈലജ വിശദീകരിച്ചു. 

പ്രവാസികൾ, ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവരുടെ സംസ്ഥാനത്തേക്കുള്ള തിരിച്ചുവരവിനേക്കുറിച്ചും മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. വിവിധ രാജ്യന്തര മാധ്യമങ്ങളിൽ നേരത്തെ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് കൊവിഡ് 19 പ്രതിരോധത്തിലെ കേരളാ മോഡല്‍.