തിരുവനന്തപുരം: വിവാദമായ കാർട്ടൂണില്‍ മത ചിഹ്നങ്ങളെ അപമാനിച്ചിട്ടില്ലെന്ന് അവാർഡ് ജേതാവ് കെ കെ സുബാഷ്. അക്കാദമിക്ക് നൽകിയ വിശദീകരണത്തിലാണ് കെ കെ സുബാഷ് നിലപാട് അറിയിച്ചത്. അതേസമയം, ലളിതകലാ അക്കാദമിയുടെ അടിയന്തിര യോഗം മറ്റന്നാൾ ചേരും. എക്സിക്യൂട്ടീവും ജനറൽ കൗൺസിലുമാണ് അടുത്ത ദിവസം ചേരുന്നത്.

ലളിതകല അക്കാദമിയുടെ പുരസ്കാരം നേടിയ കാർട്ടൂണിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. കേരള ശബ്ദത്തിന്‍റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിൽ പ്രസിദ്ധീകരിച്ച കാര്‍ട്ടൂൺ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം. സുഭാഷ് കെ കെ വരച്ച കാർട്ടൂണാണ് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഏറ്റുവാങ്ങിയത്.

സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ കാർട്ടൂൺ പരിശോധിച്ചുവെന്നും ആ കാർട്ടൂൺ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സർക്കാർ വിലയിരുത്തിയെന്നും സാസ്കാരിക മന്ത്രി എകെ ബാലൻ പറഞ്ഞിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാർട്ടൂണാണിത്. ഇതിൽ എതിർപ്പില്ല. എന്നാൽ, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി എ കെ ബാലൻ വ്യക്തമാക്കിയിരുന്നു.