ചെറുവണ്ണൂർ: പൊലീസ് അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ കുടുംബം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിയത് തന്നെ ദുരൂഹമാണെന്ന് സഹോ​ദരൻ അബ്ദുൾ റഹ്‍മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പുലർച്ചെ നാല് മണിക്കാണ് ബഷീറിന്റെ അപകട വിവരം അറിയുന്നത്. തങ്ങളോട് തിരുവനന്തപുരത്തേക്ക് വരേണ്ടെന്നും നമ്മളെല്ലാെം നോക്കി കൊള്ളാമെന്നും പറഞ്ഞ് സെയ്ഫുദ്ദിൽ ഹാജി എന്നയാൾ വിളിച്ചിരുന്നു. സർക്കാരിന്റെ ഭാ​ഗത്തുനിന്ന് ആരും വിളിച്ചിട്ടില്ല. മന്ത്രിമാരും എംഎൽഎമാരും കുടുംബത്തെ സന്ദർശിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് ബഷീർ വീട്ടിലേക്ക് അവസാനമായി വന്നത്. നാല് മാസം മുമ്പാണ് പുതിയ വീടിന്റെ പണികഴിപ്പിച്ചത്. വീട്ടിൽ ഭാര്യയും രണ്ട് മക്കളുമാണുള്ളത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ബഷീർ. ബഷീറിന്റെ ഭാര്യയ്ക്കും കുട്ടികൾക്കും ആവശ്യമായ സഹായം സർക്കാർ ചെയ്യണം. മുഖ്യമന്ത്രിയെ നേരിൽ കാണാൻ കുടുംബത്തിന് ആഗ്രഹമുണ്ട്. കാണാനുള്ളൊരു വഴിയുണ്ടാകണം. ബഷീറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകണമെന്നും സഹോദരൻ പറഞ്ഞു.

ശ്രീറാം അമിതമായി മദ്യപിച്ചിരുന്നു. എന്നാൽ, തുടക്കത്തിൽ ശ്രീറാമല്ല വാഹനമോടിച്ചതെന്ന് പറയുകയും പിന്നീട് അപകടമുണ്ടാക്കിയത് അ​ദ്ദേഹം തന്നെയാണെന്നും പൊലീസ് വ്യക്തമാക്കുകയും ചെയ്തു. കേസിൽ തുടക്കം മുതൽ പൊലീസ് ഒത്തുകളിക്കുകയാണെന്നും സഹോദരൻ ആരോപിച്ചു.

ഒരു ഉന്നത ഉദ്യോ​ഗസ്ഥനെന്ന നിലയ്ക്ക് കേസിൽ ശ്രീറാമിന്റെ ഭാ​ഗത്തുനിന്ന് സ്വാധീനമുണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്ക കുടുംബത്തിനുണ്ട്. കേസിൽ പ്രതി ചേർക്കപ്പെടാത്തിരിക്കാനും സാക്ഷികൾ മൊഴി മാറ്റി പറയാൻ സാധ്യതയുണ്ടെന്നതടക്കമുള്ള സംശയവും തങ്ങൾക്കുണ്ട്. സിറാജ് പത്രത്തിന്റെ അധികൃതരുമായി കൂടിയാലോചിച്ച് തുടർ കാര്യങ്ങൾ ചെയ്യുമെന്നും അബ്ദുൾ റഹ്‍മാൻ വ്യക്തമാക്കി.