കണ്ണൂർ: തേജസിനോടും കുടുംബത്തോടും ഒരു വിരോധവുമില്ലെന്ന് കെ എം ഷാജി. തനിക്ക് മുൻവിധിയില്ലെന്നും അറിയാതെ പറഞ്ഞ് പോയതാണെങ്കിൽ അത് ക്ഷമിക്കുന്നുവെന്നും കെ എം ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗൗരവമല്ലെങ്കിൽ പരാതി പിൻവലിക്കുമെന്നും ഒളിവിൽ നിന്ന് പുറത്ത് വരികയാണെങ്കിൽ തേജസിനെ നേരിട്ട് കാണാമെന്നും ഷാജി പറഞ്ഞു. 

തേജസിൻ്റെ അച്ഛൻ്റെ പ്രതികരണം കേട്ടപ്പോൾ വലിയ വിഷമം തോന്നിയെന്ന് പറഞ്ഞ അഴീക്കോട് എംഎൽഎ അദ്ദേഹത്തിൻ്റെ നിസ്സഹായാവസ്ഥയിൽ പ്രയാസമുണ്ടെന്നും കുടുംബത്തോട് യാതൊരു വിധ വിരോധവുമില്ലെന്നും വ്യക്തമാക്കി. അദ്ദേഹത്തിന്റെ മാപ്പ് പറച്ചിൽ വലിയ സങ്കടമുണ്ടാക്കിയെന്നും ഷാജി പറഞ്ഞു.  

കുഞ്ഞിരാമേട്ടൻ മാപ്പ് ചോദിക്കേണ്ട യാതൊരു കാര്യവുമില്ല. അതിൻ്റെ ആവശ്യവുമില്ല. അത്ര പ്രായമുള്ള ആൾ അങ്ങനെ പറഞ്ഞതിൽ പോലും സങ്കടമുണ്ട്. ഷാജി പറയുന്നു.

എല്ലാവരും ആലോചിക്കണ്ടത് അവരുടെ കുടുംബത്തേക്കുറിച്ചാണ്, ഒരാളെ അവസാനിപ്പിക്കാൻ തീരുമാനിക്കുമ്പോൾ സ്വന്തം കുടുംബത്തേക്കുറിച്ചും എതിരാളിയുടെ കുടുംബത്തേക്കുറിച്ചും ചിന്തിക്കണമെന്നാണ് തേജസിനോടുള്ള കെ എം ഷാജിയുടെ ഉപദേശം. 

അനാവശ്യ കൂട്ടുക്കെട്ടുകളിൽ പെട്ട് പോകരുതെന്നും രാഷ്ട്രീയപരമായിട്ട് സംവദിക്കേണ്ടതിന് പകരം എന്തിനാണ് ഇത്തരം നടപടികളിലേക്ക് പോകുന്നതെന്നും ചോദിച്ച അഴീക്കോട് എംഎൽഎ, തിരിച്ച് വന്ന് പാപ്പിനിശ്ശേരിക്ക് വേണ്ടി ഗുണപരമായ പ്രവർത്തനങ്ങളിൽ ഏ‌‌ർപ്പെടണമെന്ന് തേജസിനോട് ആവശ്യപ്പെട്ടു. 

ഏതെങ്കിലും തരത്തിലുള്ള വൈര്യം ഈ വിഷയത്തിൽ മനസിൽ വക്കില്ലെന്ന് പറഞ്ഞ ഷാജി. ഇത്തരം നീക്കങ്ങൾ കൊണ്ടൊന്നും തന്നെ തളർത്താനാവില്ലെന്നും, ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നും കൂടി കൂട്ടിച്ചേർത്തു.