കോഴിക്കോട്: തന്നെ വധിക്കാന്‍ പാപ്പിനിശേരി സ്വദേശി ക്വട്ടേഷന്‍ നല്‍കിയെന്ന പരാതിയില്‍ ‌കെ എം ഷാജി എംഎൽഎയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നു.  വളപട്ടണം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുന്നത്. പാപ്പിനിശേരി സ്വദേശിയായ തേജസ് മുംബൈ അധോലക സംഘത്തിന് തന്നെ വധിക്കാന്‍ 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയെന്നാണ് എംഎല്‍എയുടെ പരാതി.  ഇതു സംബന്ധിച്ച ടെലഫോണ്‍ സംഭാഷണവും ഷാജി പുറത്തുവിട്ടിരുന്നു.

വധിക്കേണ്ടത് എംഎല്‍എയെ ആണെന്ന് സംഭാഷണത്തില്‍ വ്യക്തമാണ്. ക്വട്ടേഷന്‍ നടപ്പാക്കാനായി എത്ര ദിവസം തങ്ങേണ്ടി വരുമെന്ന് സംഘം ചോദിക്കുന്നുണ്ട്. കൃത്യം നടപ്പാക്കിക്കഴിഞ്ഞാല്‍ പിന്നെ തങ്ങരുതെന്നും ഉടന്‍ പോകണമെന്നും ക്വട്ടേഷന്‍ നല്‍കുന്നയാള്‍ പറയുന്നു.  എന്നാല്‍ ഏത് എംഎല്‍എയെ വധിക്കാനാണ് പദ്ധതിയെന്നോ എങ്ങനെ വധിക്കാനാണ് നീക്കമെന്നോ പുറത്തുവിട്ട സംഭാഷണത്തിലില്ല.