Asianet News MalayalamAsianet News Malayalam

'അതവിടെ സ്തൂപമായി നില്‍ക്കട്ടേയെന്നായിരുന്നു അയാള്‍ക്ക് കിട്ടിയ മറുപടി'; ഭരണപക്ഷത്തെ ഉലച്ച തീപ്പൊരി പ്രസംഗം

സാജനെ എനിക്കും നല്ലത് പോലെ അറിയാം. എല്ലാരേയും സഹായിക്കുന്ന എന്നാല്‍ സജീവമായി സിപിഎമ്മിനേ വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ ശ്രീമതി ടീച്ചര്‍ക്ക് വേണ്ടി വോട്ട് ചോദിച്ച് വീടുകള്‍ കയറിയിറങ്ങിയ ഒരു സാധു കമ്മ്യൂണിസ്റ്റ്കാരനാണ്.

k m shaji mlas's sparkling speech in kerala assembly regarding suicide of NRI buisinessmen in anthoor
Author
Thiruvananthapuram, First Published Jun 24, 2019, 4:47 PM IST

തിരുവനന്തപുരം: പ്രവാസി വ്യവസായിയുടെ ആത്മഹത്യ വിഷയം നിയമസഭയില്‍ ഉന്നയിച്ച് കെ എം ഷാജി എംഎല്‍എ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍...


സര്‍ ഈ സര്‍ക്കാര്‍ തുടങ്ങുന്നത് ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്ന തലവാചകത്തോട് കൂടിയായിരുന്നു. ഓരോ ഫയലിനും ഒരു ജീവിതമുണ്ട് എന്ന താണ് ഇപ്പോഴത്തെ അവസ്ഥ. പക്ഷേ ആ ഫയല്‍ സൂക്ഷിക്കുന്നത്  ക്രൈം ഡിപ്പാര്‍ട്ട്മെന്‍റിലും പൊലീസ് സ്റ്റേഷനിലും മോര്‍ച്ചറിയിലുമൊക്കെയാണ് എന്നതാണ് അതിന്റെ വ്യത്യാസം. പത്തനാപുരത്തെ സുഗതന്‍ ഇപ്പോള്‍ ഒരു ഫയലാണ്. അഴീക്കോട്ടെ സാജനും ഇപ്പോളൊരു ഫയലാണ്. 

സാജന്‍ എന്ത് തെറ്റ് ചെയ്തുവെന്നാണ് നമ്മള്‍ പരിശോധിക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ മുഴുക്കെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സാജന്‍റെ മരണത്തോടെ വന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ആകെ ചെയ്ത ഒരു തെറ്റ് നമ്മള്‍ രാഷ്ട്രീയക്കാരെ വിശ്വസിച്ചുവെന്നതാണ്. സിപിഎം ഒരു കേഡര്‍ പാര്‍ട്ടിയാണ്. ആ പാര്‍ട്ടിക്ക് ചില സിസ്റ്റങ്ങളുണ്ട്. ജയരാജേട്ടന്‍, പി ജയരാജേട്ടന്‍ പറയുന്ന ഒരു കാര്യമുണ്ട്. ഞങ്ങളിത് അന്വേഷിച്ചു. അത് അങ്ങനെ അന്വേഷിക്കണ്ട കാര്യമൊന്നുമില്ല. ഇവിടെ പഞ്ചായത്തും കോര്‍പ്പറേഷനും മുന്‍സിപ്പാലിറ്റിയുമൊക്കെയുള്ളപ്പോള്‍ പാര്‍ട്ടി അന്വേഷിക്കണ്ട കാര്യമില്ല. എന്നാലും പറയുന്നു ഞങ്ങള്‍ അന്വേഷിച്ചു. അതുകൊടുക്കണമെന്ന് പറഞ്ഞു. അത് അധികാരമൊന്നും പാര്‍ട്ടിക്കാര്‍ നമുക്ക് നല്‍കിയിട്ടില്ല. പക്ഷേ അതാണ് സിസ്റ്റം. നമ്മള്‍ പറയാത്ത രേഖപ്പെടുത്താത്ത സിസ്റ്റം. 

ആ അര്‍ത്ഥത്തില്‍ അദ്ദേഹം പോയി കണ്ടത് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പി ജയരാജനെയാണ്. അത് കണ്ട ഒറ്റക്കാരണം കൊണ്ടാണ് അദ്ദേഹത്തിന്റെ സ്ഥാപനത്തിന് അനുമതി ലഭിക്കാതെ അദ്ദേഹം ആത്മഹത്യയിലേക്കെത്തിയതെന്നാണ് മൊത്തം കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട് എം വി ഗോവിന്ദനെ കണ്ടിരുന്നെങ്കില്‍ ഇത്തരമൊരു ഗതികേട് ഉണ്ടാവില്ലായിരുന്നു. ജയരാജന്റെ വീട്ടിലെ ഒരു കല്യാണത്തിന് പോയി, കല്യാണത്തിന് പോയി തിരിച്ച് വന്ന് ഭാര്യയോട് പറഞ്ഞത് ഇങ്ങനെയാണ്. ഇന്നലെ ഭാര്യ കണ്ടപ്പോള്‍ അവര്‍ പറഞ്ഞതാണ്. അയ്യോ കഷ്ടായിപ്പോയി ഞാന്‍ അവിടെ പോയത്. മറ്റേ ആളുകള്‍ എന്നെ കണ്ടും അവിടെ, ഇനി എന്റെ ഫയല് നീങ്ങാന്‍ വല്യ പ്രയാസമാണ്. ഞാന്‍ പോകരുതായിരുന്നു. എന്ന് അവര്‍ പറഞ്ഞുവെന്നാണ് ഭാര്യ പറഞ്ഞത്. 

കണ്ണൂരില്‍ ഇതെന്തൊരു കഷ്ടമാണ്. ജയരാജനോട് ലോഹ്യം കൂടിയാലും മരിക്കും അദ്ദേഹത്തോട് എതിര്‍ത്താലും മരിക്കും. നിങ്ങളുടെ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം തീര്‍ക്കാനല്ല ഈ രാജ്യത്തെ ജനങ്ങളെ നിങ്ങള്‍ വലിച്ചിഴയ്ക്കേണ്ടത്. നാത്തൂന്‍ പോരും അമ്മായിയമ്മപ്പോരും തീര്‍ക്കാനുള്ള സ്ഥലമല്ല പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും.  ദയവുചെയ്ത് പാര്‍ട്ടിയും ഭരിക്കുന്നവരും ഇത് മനസിലാക്കണം. ഭാര്യയുടേയും മക്കളുടേയും പേരക്കുട്ടികളൊക്കെ ഒരുമിച്ചിരുന്ന് കയ്യിട്ട് വാരുമ്പോള്‍ ആര്‍ക്കു മുന്നിലാണ് ഒരു മനുഷ്യന്‍ അനുമതിയ്ക്ക് വേണ്ടി കുനിയേണ്ടതെന്നും ദയവ് ചെയ്ത് നിങ്ങള്‍ ഒരു പ്രോട്ടോക്കോള്‍ ഗസറ്റില്‍ പുറത്തിറക്കണം എന്ന് ഞാന്‍ വിനീതമായി ഗവണ്‍മെന്‍റിനോട് പറയാണ്. 

നിരന്തരമായി മാനസിക പീഡനം നടത്തിയെന്ന് ഓരോ ദിവസവും വാര്‍ത്ത വരികയാണ്. അനുമതി കിട്ടിയാലും ഭാവിയില്‍ നടത്താന്‍ കഴിയില്ലെന്നാണ് ചേട്ടന്‍ പറഞ്ഞതെന്ന് ആ സ്ത്രീ പറയുന്നത്. കാരണം ഗോവിന്ദന്‍ മാഷിനും ശ്യാമളയ്ക്കും വല്ലാതെ സ്വാധീനമുള്ള മേഖലയാണ് എനിക്കത് അനുമതി കിട്ടിയാലും അവരെന്നെ ഉപദ്രവിച്ചുകൊണ്ടിരിക്കും. പതിനെട്ട് കോടി രൂപ ഞാന്‍ മുടക്കി ആ സ്ഥാപനത്തിന് വേണ്ടി. പക്ഷേ അവരത് തകര്‍ത്ത് കളയും. അവരത് അക്രമിച്ച് കളയും. അവരെന്നെ കൊന്ന് കളയുമോയെന്ന് ചേട്ടന്‍ ഇടയ്ക്കിടെ ചോദിക്കുമായിരുന്നെന്ന് ആ സ്ത്രീ ഇന്നലെ ഞങ്ങളോട് പറഞ്ഞു.  പാര്‍ട്ടിക്ക് തിരിച്ച് നല്‍കി കയ്യൊഴിഞ്ഞാലോയെന്ന് അയാള്‍ ചോദിച്ചുവത്രേ. 

നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, സാജനെ എനിക്കും നല്ലത് പോലെ അറിയാം. ഞാന്‍ അദ്ദേഹത്തിന് ഏറ്റവും നല്ല പ്രവാസിക്കുള്ള അവാര്‍ഡ് ഞാന്‍ കൊടുത്തിട്ടുള്ളതാണ്. അദ്ദേഹമവിടെ എല്ലാരേയും സഹായിക്കുന്ന എന്നാല്‍ സജീവമായി സിപിഎമ്മിനെ വേണ്ടി പ്രവര്‍ത്തിക്കുന്ന, ഈ തെരഞ്ഞെടുപ്പില്‍ ശ്രീമതി ടീച്ചര്‍ക്ക് വേണ്ടി വോട്ട് ചോദിച്ച് വീടുകള്‍ കയറിയിറങ്ങിയ, ഒരു സാധു കമ്മ്യൂണിസ്റ്റ്കാരനാണ്.  അനുമതി കിട്ടാത്തതുകൊണ്ട് മാത്രം മരിക്കുമോയെന്ന് നിസ്സാരമായി ചോദിക്കുന്നുണ്ട് ചിലര്‍. ആത്മഹത്യചെയ്യുന്നവന്‍ ഭീരുവാണ്, പക്ഷേ അങ്ങനെ പറയരുത് സര്‍. പാവങ്ങളുടെ കയ്യില്‍ നിന്ന് മെമ്പര്‍ഷിപ്പിന്റെ പണമായി കാശ് വാങ്ങുന്നവര്‍ക്ക് ഒരു പക്ഷേ അങ്ങനെ ചോദിക്കാന്‍ കഴിയും. പക്ഷേ ജീവിതം മുഴുവന്‍ വിദേശത്ത് കൊണ്ടുപോയി ഹോമിച്ച്, എല്ലാ വിയര്‍പ്പും ഒഴുക്കി സ്വരുക്കൂട്ടിയ പണം മുഴുവന്‍ തീര്‍ന്നു, ബാങ്കിലെ അവസാന പണവും തീര്‍ന്ന് അവസാനം പത്തൊമ്പതാമത്തെ തവണ അയാള്‍ ശ്യാമളയുടെ അടുത്ത് പോകുവാണ്. അപ്പോള്‍ അയാളോട് പറഞ്ഞ ഒരു വാചകമുണ്ട്. നിങ്ങള്‍ വെറുതെ മെനക്കെടേണ്ട, നടന്ന് കാലിലെ ചെരുപ്പ് തേയേണ്ട, ഞാന്‍ ഈ കസേരയില്‍ ഉള്ളിടത്തോളം കാലം നിങ്ങള്‍ക്ക് അനുമതി ലഭിക്കില്ല. അങ്ങനെ അവസാനം പത്ത് കോടിക്ക് തീരേണ്ട പദ്ധതി തീരുന്നത് പതിനെട്ട് കോടിയ്ക്കാണ്. കാരണം ഉണ്ടാക്കിയ കാലതാമസം, മെറ്റീരിയലുകള്‍ക്കുണ്ടായ വില വര്‍ധന, മറ്റ് തടസ്സങ്ങള്‍ പത്ത് കോടി പതിനെട്ട് കോടിയായി. എല്ലാം തീര്‍ന്നു. അങ്ങേര്‍ അവസാനം ഇരുപതാമത്തെ തവണ ഈ ഓഫീസ് കയറിയിറങ്ങുകയാണ്. ആ സമയത്ത് പറഞ്ഞു. ഇനി രക്ഷയില്ല, ദയവു ചെയ്ത് നിങ്ങള്‍ ഇതൊന്ന് അനുവദിച്ച് തരണം. 

അതിന് പറഞ്ഞ വാചകം എന്താണെന്ന് അറിയാമോ അതവിടെ ഒരു സ്തൂപമായി നില്‍ക്കട്ടേയെന്ന്. എന്തൊരു ധിക്കാരമാണ് സാര്‍. ഒരു മനുഷ്യന്റെ അധ്വാനവും പണവും ചെലവഴിച്ചുണ്ടാക്കിയ പ്രസ്ഥാനത്തെ എത്ര നിസ്സാരമായാണ് അതവിടെ സ്തൂപമായി നില്‍ക്കട്ടേയെന്ന് . അദ്ദേഹം നിരാശനായാണ് വീട്ടിലെത്തിയത്. ഭാര്യ പറഞ്ഞു ഞാന്‍ പോയി ശ്യാമളയുടെ കാലുപിടിക്കാം. ഒരു വിധ തെറ്റും ചെയ്തിട്ടില്ലാത്ത ആ പാവങ്ങള് ഒരു അനുമതിയ്ക്ക് വേണ്ടി പറയുകയാണ് ഞാന്‍ പോയി ശ്യാമളയുടെ കാലുപിടിക്കാം. സാധാരണ ഇത്തരം വിഷയങ്ങള്‍ക്ക് തന്നെ പുറത്തേയ്ക്ക് അയക്കാറില്ലാത്ത ഭര്‍ത്താവ് അതുസമ്മതിച്ചു. നീ പോകേണ്ട, അവര്‍ അപമാനിക്കുകയേയുള്ളു. അല്ലാതെ ഇതൊന്നും സംഭവിക്കാന്‍ പോവില്ലെന്ന് പിന്നീട് പറഞ്ഞു. അങ്ങനെ എല്ലാത്തരം ബുദ്ധിമുട്ടുകളുടെ അവസാനമാണ് ആ മനുഷ്യന്‍ ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളാണെന്നും അവര്‍ ദുര്‍ബലരാണെന്നും നമ്മള്‍ പറയാറുണ്ട്. പക്ഷേ എല്ലാവര്‍ക്കുമൊന്നും ഇരട്ടച്ചങ്കുണ്ടാവുകയില്ല. അത് അപൂര്‍വ്വം ആളുകള്‍ക്ക് മാത്രം ഉണ്ടാവുന്നതാണ്. പ്രത്യേകിച്ച് പ്രവാസികള്‍ , അവര്‍ക്ക് നമ്മളെപ്പോലെ ശക്തിയില്ല. ഒരു പെര്‍ഫ്യൂമിന്റെ മണം മാത്രം മതി നമ്മുടെ കോര്‍പ്പറേഷനിലും മുന്‍സിപ്പാലിറ്റികളിലും നിയമങ്ങള്‍ മാറാന്‍. ഒരു പ്രവാസിയെ എങ്ങനെ ബുദ്ധിമുട്ടിക്കുകയെങ്ങനെയെന്നതില്‍ ഗവേഷണം നടത്തുകയാണ് നമ്മുടെ ഉദ്യോഗസ്ഥര്‍. 

Follow Us:
Download App:
  • android
  • ios