ഇപിക്കെതിരെയുള്ള പരാതി പിണറായിയുടെ നിർദ്ദേശപ്രകാരമാണെന്നും കെ എം ഷാജി ആരോപിച്ചു. പിണറായിക്ക് എതിരെ നിൽക്കുന്നവരുടെ അവസ്ഥയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വയനാട്: എൽഡിഎഫ് കൺവീനർഇപി ജയരാജന്‍റെ ചിറകരിയാൻ തീരുമാനിച്ചത് പിണറായി വിജയന്‍ തന്നെയെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ഇപിക്കെതിരെയുള്ള പരാതി പിണറായിയുടെ നിർദ്ദേശപ്രകാരമാണെന്നും കെ എം ഷാജി ആരോപിച്ചു. പിണറായിക്ക് എതിരെ നിൽക്കുന്നവരുടെ അവസ്ഥയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വയനാട് അഞ്ചാം മൈൽ കെല്ലൂരിൽ മുസ്ലീം ലീഗ് അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കെ എം ഷാജി.
അതിനിടെ, കണ്ണൂരിലെ പൊതു പരിപാടിയിൽ പങ്കെടുത്ത ഇ പി ജയരാജന്‍ ഇപ്പോഴും മൗനം തുടരുകയാണ്. കെഎസ്ടിഎ പരിപാടിക്കെത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകർ ഇപിയോട് പ്രതികരണം തേടിയത്. ചിരിച്ച് തൊഴുകൈകളോടെ പരിപാടിയിലേക്ക് നടന്നു പോയി. മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ചെറുചിരി മാത്രമായിരുന്നു ഇ പി ജയരാജന്‍റെ മറുപടി. കെഎസ്ടിഎയുടെ 'കുട്ടിക്കൊരു വീട്' പദ്ധതിയുടെ താക്കോൽ ദാനം നിർവ്വഹിച്ച ഇ പി ജയരാജൻ, വിവാദമോ രാഷ്ട്രീയമോ സംസാരിക്കാതെയാണ് ഉദ്ഘാടന പ്രസംഗം നടത്തിയത്. പാര്‍ട്ടിയുടെയും ഭരണത്തിന്‍റെയും നേട്ടങ്ങള്‍ എടുത്ത് പരഞ്ഞായിരുന്നു ഇ പി ജയരാജന്‍റെ പ്രസംഗം.
Also Read: റേഷൻ കടയിലെ ജോലിക്കാരനിൽ നിന്ന് കോടികളുടെ ആസ്തിയുള്ള ബിസിനസുകാരനിലേക്ക്; ആരാണ് രമേഷ് കുമാർ?
അതേസമയം, ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ പാർട്ടി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. ഇപി ജയരാജനെതിരെ അന്വേഷണം സംസ്ഥാനത്ത് തീരുമാനിക്കാം എന്ന് കേന്ദ്ര നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ വിഷയങ്ങളിൽ കാര്യമായ ചർച്ച പൊളിറ്റ് ബ്യൂറോയിലുണ്ടാവാനിടയില്ല. അന്വേഷണത്തോട് യോജിപ്പെന്ന സൂചനയാണ് കേന്ദ്രനേതൃത്വം നൽകുന്നത്. വിവാദം പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. അന്വേഷണം വേണോയെന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണ്ണായകമാകും.
