കോഴിക്കോട്: യൂണിവേഴ്സിറ്റി കോളേജ് ചരിത്രസ്മാരകമാക്കുന്നതാണ് നല്ലതെന്ന് കെ മുരളീധരന്‍ എംപി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കോളേജ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റും. എസ്എഫ്ഐ ഉള്ളിടത്തോളം കാലം യൂണിവേഴ്സിറ്റി കോളജിലെ രീതികള്‍ മാറാന്‍പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യൂണിവേഴ്സിറ്റി കോളേജ് ആ സ്ഥലത്ത് നിലനില്‍ക്കുന്നിടത്തോളം കാലം എസ്എഫ്ഐയുടെ തേര്‍വാഴ്ചയുണ്ടാവും. കോളേജ് അവിടെനിന്നു മാറ്റണമെന്ന് 1992ല്‍ കെ കരുണാകരന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതാണ്. ആ തീരുമാനം അടുത്ത യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കും. ആരൊക്കെ എതിര്‍ത്താലും, ആരൊക്കെ തുള്ളിയാലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കും. യൂണിവേഴ്സിറ്റി കോളേജിനെ ചരിത്രമ്യൂസിയമോ പൊതുസ്ഥലമോ ആയി മാറ്റുമെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.