കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുള്ള രാഷ്ട്രീയസഖ്യത്തെ ന്യായീകരിച്ച് കോൺ​ഗ്രസ് നേതാവും വടകര എംപിയുമായ കെ.മുരളീധരൻ. വെൽഫെയ‍ർ പാർട്ടിയുമായുള്ള സഖ്യം മുസ്ലീം ലീ​ഗിൻ്റേയും യുഡിഎഫിൻ്റേയും അടിത്തറ ഇളക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ് പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു മുരളീധരൻ. 

 വെൽഫെയ‍ർ പാർട്ടിയെന്താണെന്ന് മനസിലാക്കാൻ മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് യുഡിഎഫിന് വേണ്ട. വെൽഫെയർ പാർട്ടി വർഗീയ പാർട്ടി  അല്ലെന്ന ബോധ്യം യുഡിഎഫിനുണ്ട്. യുഡിഎഫ് സംസ്ഥാനതലത്തിൽ അറിഞ്ഞുകൊണ്ടാണ് ഇത്തരത്തിലൊരു നീക്കുപോക്കിന് തയ്യാറായത്. അത് യുഡിഎഫിന് മികച്ച വിജയം ഉണ്ടാക്കി തരുമെന്നും കെ മുരളീധരൻ പറഞ്ഞു.

നിലവിൽ പോളിംഗ് ശതമാനം ഉയരുന്നത് യുഡിഎഫിന് ഗുണം ചെയ്യും. ആ‍ർഎംപിയുമായുള്ള കൂട്ടുക്കെട്ടിലുടെ വടകര മേഖലയിലെ മിക്ക പഞ്ചായത്തുകളും തൂത്തുവാരുമെന്നും വടകരയിൽ മികച്ച വിജയം നേടിയില്ലെങ്കിൽ കാരണക്കാരൻ കെ മുരളീധരൻ ആയിരിക്കുമെന്ന കലാ മലയിലെ  സ്ഥാനാർഥിത്വം റദ്ദാക്കിയ കോൺഗ്രസ് നേതാവിൻറെ പരാമർശം മറുപടി അർഹിക്കുന്നതല്ലെന്നും തോൽവി ഉണ്ടായാൽ പൂർണ ഉത്തരവാദിത്വം താൻ അടങ്ങുന്ന കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനാണെന്നും മുരളീധരൻ പറഞ്ഞു. തോൽവിയായാലും വിജയമായാലും ഏതെങ്കിലും ഒരാൾ അതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.