പ്രതിപക്ഷത്തുള്ളവരെയെല്ലാം ഓരോ കേസിൽ പെടുത്താനാണ് സർക്കാർ നീക്കം. ബ്രിട്ടീഷുകാരുടെ കാലത്ത് ജയിലിൽ പോയതിന് തുല്യമാണ് പിണറായിയുടെ കാലത്ത് ജയിലിൽ പോകുന്നതെന്നും കെ മുരളീധരന്‍.
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് നടപടിയില്‍ കടുത്ത പ്രതിഷേധവുമായി ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഡൽഹിയിലേക്ക് നോക്കുമ്പോൾ ഈനാംപേച്ചി ആണെങ്കിൽ തിരുവനന്തപുരത്തേക്ക് നോക്കുമ്പോൾ മരപ്പട്ടിയാണെന്ന് കെ മുരളീധരൻ എംപി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തുള്ളവരെയെല്ലാം ഓരോ കേസിൽ അകപ്പെടുത്താനാണ് സർക്കാരിന്‍റെ നീക്കം. ബ്രിട്ടീഷുകാരുടെ കാലത്ത് ജയിലിൽ പോയതിന് തുല്യമാണ് പിണറായിയുടെ കാലത്ത് ജയിലിൽ പോകുന്നത്. പിണറായി സര്‍ക്കാര്‍ ഇന്നു ചെയ്യുന്ന പ്രവർത്തി മതി ആയുഷ്ക്കാലം മുഴുവൻ ജയിലിൽ അടയ്ക്കാനെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആരോഗ്യരംഗം മെച്ചപ്പെടുത്താൻ പുകയില ഉണ്ടാക്കുന്ന ക്യൂബയിൽ പോയവരാണ് ഇവിടുത്തെ ഭരണാധികാരികളെന്ന് കെ മുരളീധരൻ പരിഹസിച്ചു. ഹരിശ്ചന്ദ്രന്‍റെ പെങ്ങളാണെന്നാണ് വിദ്യയുടെ വിശദീകരണം. ഒരു സംസ്കാരവും ഇല്ലാത്ത കൂട്ടമായി കേരള പൊലീസ് മാറി. കേരളത്തിലെ ബുദ്ധിജീവികൾ എല്ലാം കാഷ്വൽ ലീവ് എടുത്തുപോയോ എന്നും മുരളീധരൻ പരിഹസിച്ചു. ഇത്ര വൃത്തികെട്ട സംഭവങ്ങൾ കേരളത്തിൽ നടക്കുമ്പോൾ ബുദ്ധിജീവികൾ പ്രതികരിക്കുന്നില്ല. ഉളുപ്പ് ഉണ്ടെങ്കിൽ പിണറായി വിജയൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണം. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ പീഡിപ്പിച്ചുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
കെ സുധാകരനെതിരെയുള്ളത് ഗൗരവമേറിയ തട്ടിപ്പ് കേസ്, രാഷ്ട്രീയ പ്രേരിതമല്ല: എംവി ഗോവിന്ദൻ
