കോഴിക്കോട്: സ്വര്‍ണക്കടത്ത് പ്രതികളുമായി ബന്ധം സ്ഥാപിച്ചതിന് കസ്റ്റംസ് ചോദ്യം ചെയ്ത മുൻ ഐടി സെക്രട്ടറിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് കെ മുരളീധരൻ. എല്ലാവരുടെ മുന്നിലും പുലിയായ പിണറായി വിജയൻ എം ശിവശങ്കറിന്‍റെ മുന്നിൽ പൂച്ചയാണ്. പിണറായി വിജയനും എം ശിവശങ്കറും തമ്മിൽ ഗൂഢബന്ധം ആണ് ഉള്ളത്. ശിവശങ്കറിനെ പുറത്താക്കിയാൽ പല കാര്യങ്ങളും പുറത്ത് വരും. അതോടെ മുഖ്യമന്ത്രി രാജിവക്കേണ്ടിവരും . അതുകൊണ്ടാണ് ഇത്രയേറെ ആരോപണങ്ങൾ വന്നിട്ടും എം ശിവശങ്കറിനെതിരെ നടപടി എടുക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തതെന്നും കെ മുരളീധരൻ പറഞ്ഞു. 

ഉദ്യോഗസ്ഥനെതിരെ തെളിവുണ്ടായിട്ടും കേസെടുക്കാൻ തയ്യാറാകുന്നില്ല. അിത് മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണെന്നും കെ മുരളീധരൻ ആക്ഷേപിച്ചു. ബിജെപി മുഖ്യമന്ത്രിയെ സഹായിക്കുകയാണഅ. പ്രത്യുപകാരമെന്ന നിലയിൽ സിപിഎം ബിജെപിയെ സഹായിക്കും. ഇത്തരമൊരു ധാരണ കേരളത്തിൽ ഉണ്ടാക്കിയിട്ടുണ്ടെന്നും ദേശീയ നേതൃത്വം ഇത് അറിഞ്ഞിരിക്കാൻ സാധ്യത ഇല്ലെന്നും കെ മുരളീധരൻ ആരോപിച്ചു. 

മന്ത്രി കെടി ജലീലിനെ വിളിച്ചത് സ്വപ്ന തന്നെയാണ്. ശിവശങ്കറിനെ അറസ്റ്റ് ചെയ്താൽ കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പിണറായി പ്രഖ്യാപിക്കും. അതോടെ എല്ലാ അന്വേഷണവും തീരും. കേന്ദ്ര-സംസ്ഥാന ധാരണ അതാണെന്നും കെ മുരളീധരൻ കോഴിക്കോട്ട് ആരോപിച്ചു