Asianet News MalayalamAsianet News Malayalam

'എന്തിനാണ് 56 കോടി രൂപ ചെലവഴിച്ചത്'? മുഖ്യമന്ത്രി നടത്തിയത് വാചകക്കസർത്തും തള്ളും മാത്രമെന്ന് കെ മുരളീധരൻ

വിഴിഞ്ഞത്ത് സർക്കാരും അദാനിയും വാക്ക് പാലിച്ചില്ലെന്നും അതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് കാരണമെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.

K Muraleedharan  against pinarayi vijayan and ldf government on k rail and vizhinjam protest
Author
First Published Nov 29, 2022, 12:47 PM IST

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചെന്ന് പറയാനുള്ള ധൈര്യം സർക്കാർ കാണിക്കുന്നില്ലെന്ന് കെ മുരളീധരൻ എംപി. കുറ്റിയടിച്ച ഭൂമിയിൽ ആളുകൾക്ക് ഒന്നും ചെയ്യാനാകുന്നില്ലെന്ന് പറഞ്ഞ മുരളീധരൻ, എന്തിനാണ് 56 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചതെന്നും ചോദിച്ചു. മുഖ്യമന്ത്രി നടത്തിയത് വാചകക്കസർത്തും തള്ളും മാത്രമാണെന്നും കെ മുരളീധരൻ പരിഹസിച്ചു. 

മലബാറിൽ പാർട്ടി ഗ്രാമങ്ങളിൽ പോലും കെ റെയിലിന്‍റെ കല്ലിടാൻ സര്‍ക്കാരിന് ആയില്ല. മുഴുവൻ ഭൂമിയും ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിൻവലിക്കണം. പ്രതിഷേധക്കാര്‍ക്കെതിരായ കേസുകൾ പിൻവലിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു. വിഴിഞ്ഞത്ത് സർക്കാരും അദാനിയും വാക്ക് പാലിച്ചില്ലെന്നും അതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്താണ് വകുപ്പിന്റെ ചുമതലയെന്ന് അഹമ്മദ് ദേവർ കോവിലിന് അറിയില്ല. വേണ്ടത്ര വിവരങ്ങൾ മുഖ്യമന്ത്രിയും മന്ത്രിയ്ക്ക് നൽകിയില്ലെന്ന് പറഞ്ഞ കെ മുരളീധരന്‍, മുഖ്യമന്ത്രി എന്ത് കൊണ്ടാണ് ചർച്ചയ്ക്ക് നേരിട്ട് വിളിക്കാത്തതെന്നും ചോദിച്ചു. മത്സ്യത്തൊഴിലാളികളുടെ സമരം സമുദായ സമരമാക്കി പിണറായി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിയുടെ വിഭജന തന്ത്രമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് വിമര്‍ശിച്ച കെ മുരളീധരൻ, സ്റ്റേഷൻ ആക്രമിച്ചതിനെ പിന്തുണക്കുന്നില്ലെന്നും വ്യക്തമാക്കി. എന്നാല്‍ അതിലേക്ക് നയിച്ചത് സർക്കാറാണെന്നും അദ്ദേഹം വിമര്‍ശിച്ചു. 

സമരം ചെയ്യുന്നവരെ തീവ്രവാദികളാക്കരുതെന്ന് പറഞ്ഞ കെ മുരളീധരന്‍, പദ്ധതി ഉപേക്ഷിക്കണമെന്ന് പറയുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. ആശങ്കകൾ പരിഹരിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios