തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന് പിന്നാലെ ശശിതരൂരിനെ വിമർശിച്ച് കെ മുരളീധരനും. കേന്ദ്രനേതൃത്വത്തിനെതിരെ കത്തെഴുതിയ നടപടി അനാവശ്യമായിരുന്നു. താൻ വിശ്വപൗരനല്ലാത്തതിനാൽ തരൂരിനെതിരെ നടപടി എടുക്കണമെന്ന് പറയുന്നില്ലെന്നും മുരളീ പരിഹസിച്ചു. 

വിമർശിച്ച് കത്ത് നൽകിയവർക്കെതിരെ നടപടി വേണ്ടെന്ന് സോണിയാഗാന്ധി തീരുമാനിച്ചെങ്കിലും വിവാദം കേരളത്തിലെ കോൺഗ്രസിൽ ചൂട് പിടിക്കുന്നു. ദേശീയ തലത്തിൽ പാർട്ടിയെ വെട്ടിലാക്കിയതിൽ മുൻപന്തിയിൽ നിന്ന ശശി തരൂരിനെയാണ് കെപിസിസി ഉന്നം വയ്ക്കുന്നത്.  

പി ജെ കുര്യനും കത്തിൽ ഒപ്പിട്ടെങ്കിലും ലക്ഷ്യം തരുർ മാത്രമാണ്. പാർട്ടിയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൊടുത്ത വടിയാണിതെന്നാണാണ് കെ മുരളീധരന്റെ വിമർശനം. തരൂരിനെതിരെ നടപടി വേണ്ടതല്ലേയെന്ന ചോദ്യത്തിന് പരിഹാസമായിരുന്നു മറുപടി

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തിലടക്ക കെപിസിസിയുടെ നിലപാടിന് വിരുദ്ധമാണ് തരൂരിൻറെ അഭിപ്രായങ്ങൾ.  തരൂർ കഴിഞ്ഞ കുറേ നാളായി സംസ്ഥാനനേതൃത്വവുമായി അകൽച്ചയിലാണ്. പുതിയ സംഭവവികാസത്തോടെ അകൽച്ച കൂടുതലായി.