ഗവർണർ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തോടായിരുന്നു പാർലമെന്റംഗത്തിന്റെ പ്രതികരണം

തിരുവനന്തപുരം: ഗവർണറും മുഖ്യമന്ത്രിയും ഒത്തുകളിക്കുന്നുവെന്ന് കെ മുരളീധരൻ എംപി (K Muraleedharan MP). രണ്ടു കൂട്ടരും പീലാത്തോസാകാൻ ഒത്തു കളിക്കുന്നു. പരസ്പരം കൈ കഴുകുന്നു. ഹരി എസ് കർത്തയുടെ (Hari S Kartha) കാര്യത്തിലും ഇതുണ്ടായി. ഈ നിയമനം പഞ്ചാബിലും ബംഗാളിലും നടക്കില്ല. കേരളത്തിൽ അവിശുദ്ധ കൂട്ടുകെട്ടാണ്. ഗവർണർ (Governor) പരിധിയിൽ വരാത്ത കാര്യങ്ങൾ പറയുന്നു. ആർഎസ്എസ് (RSS) പ്രതിനിധിയായ ഗവർണറും കമ്യൂണിസ്റ്റ് പ്രതിനിധിയായ മുഖ്യമന്ത്രിയും (Chief Minister of Kerala) ഒത്തു കളിക്കുന്നു. ഗവർണർ പദവിക്കനുസരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഗവർണർ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തോടായിരുന്നു പാർലമെന്റംഗത്തിന്റെ പ്രതികരണം. ഏകീകൃത സിവിൽ കോഡ് ഇപ്പോൾ ആരും ചർച്ച ചെയ്യാത്ത വിഷയമാണ്. ഗവർണർ ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനത്തിനോട് നീതി കാണിച്ചില്ലെങ്കിൽ യുഡിഎഫ് ശക്തമായ നിലപാടെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.